ലക്‌നൗവിൽ പള്ളിയും നിർമ്മിക്കും
ന്യൂഡൽഹി:സുപ്രീംകോടതി വിധിക്കും സർക്കാരിന്റെ ഒാർഡിനൻസിനും കാക്കാതെ അടുത്ത മാസം അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം തുടങ്ങുമെന്ന് മുൻ ബി.ജെ.പി എം.പിയും രാമജൻമഭൂമി ന്യാസ് പ്രസിഡന്റുമായ രാംവിലാസ് വേദാന്തി പ്രഖ്യാപിച്ചു. ലക്‌നൗവിൽ പള്ളി നിർമ്മിക്കാൻ മുസ്ളീം സംഘടനകളുമായി ധാരണയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പിന് മുൻപ് ക്ഷേത്ര നിർമ്മാണം തുടങ്ങുമെന്ന് വേദാന്തി മുമ്പും പറഞ്ഞിട്ടുണ്ട്.
സുപ്രീംകോടതി കേസ് നീട്ടിവച്ച സാഹചര്യത്തിൽ ക്ഷേത്ര നിർമ്മാണത്തിനായി ഒാർഡിനൻസ് ഇറക്കണമെന്ന് ആർ.എസ്.എസ് ആവശ്യപ്പെട്ടിരിക്കൊണ് ഒരു പടി കടന്നുള്ള വേദാന്തിയുടെ പ്രഖ്യാപനം. ഡൽഹിയിൽ നടക്കുന്ന അഖില ഭാരതീയ സന്ത് സമിതിയുടെ ധർമ്മാദേശ് സമ്മേളനത്തിൽ ക്ഷേത്ര നിർമ്മാണത്തിനുള്ള നടപടികൾ ചർച്ച ചെയ്യുമെന്നും വേദാന്തി അറിയിച്ചു.
ഡിസംബർ 6ന് അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തുമെന്ന് ധർമ്മാദേശ് സമ്മേളനത്തിൽ വിവാദ സന്യാസിനി സാദ്ധ്വി പ്രാചിയും പ്രഖ്യാപിച്ചു. കോടതി സന്യാസിമാരെ നിരാശപ്പെടുത്തിയെന്ന് അഖില ഭാരതീയ സന്ത് സമിതി ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്ര സരസ്വതി പറഞ്ഞു. കോടതിയുടെ തീരുമാനം പ്രവചിക്കാനാകില്ല. ഒന്നുറപ്പാണ്. വലിയൊരു തീരുമാനം വരിക തന്നെ ചെയ്യും-അദ്ദേഹം പറഞ്ഞു. രാമന്റെ അവതാരമാണ് പ്രധാനമന്ത്രി മോദിയെന്നും അദ്ദേഹത്തിന്റെ കാലത്ത് ക്ഷേത്രം നിർമ്മിക്കാത്തത് അദ്‌ഭുതമാണെന്നും ഉത്തരാഖണ്ഡിൽ നിന്നുള്ള സ്വാമി വിവേകാനന്ദ പറഞ്ഞു.
127ഹിന്ദു സംഘടനകളെ പ്രതിനിധീകരിച്ച് 3000 ത്തോളം സന്യാസിമാർ പങ്കെടുക്കുന്ന രണ്ടു ദിവസത്തെ ധർമ്മാദേശ് സമ്മേളനത്തിൽ രാമക്ഷേത്ര നിർമ്മാണം വിശദമായി ചർച്ച ചെയ്യും. ശ്രീ ശ്രീ രവിശങ്കർ അടക്കം പങ്കെടുക്കുന്ന ഇന്ന് ശബരിമല, രാമക്ഷേത്രം വിഷയങ്ങളിൽ ചർച്ചയുണ്ട്.
അയോദ്ധ്യയിൽ രാമന്റെ പ്രതിമ
അയോദ്ധ്യയിൽ രാമന്റെ പ്രതിമ നിർമ്മിക്കാനുള്ള നീക്കത്തിലാണ് യോഗി ആദിത്യ നാഥിന്റെ യു. പി സർക്കാർ. സരയൂ നദിക്കരയിൽ രാം ലല്ലയുടെ (കുഞ്ഞു രാമൻ) 150മീറ്റർ ഉയരമുള്ള പ്രതിമ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി യോഗി തറക്കല്ലിടുമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സ്ഥിരീകരിച്ചു. പ്രതിമ നിർമ്മിക്കുന്നതിൽ നിന്ന് തങ്ങളെ ആർക്കും തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒാർഡിനൻസിന് തടസമില്ല: ജസ്‌റ്റിസ് ചെലമേശ്വർ
ക്ഷേത്ര നിർമ്മാണത്തിന് ഒാർഡിനൻസ് ഇറക്കാൻ കോടതിയിലെ കേസ് തടസമല്ലെന്ന് മുൻ സുപ്രീംകോടതി ജസ്‌റ്റിസ് ജെ. ചെലമേശ്വർ പറഞ്ഞു. കോടതിയെ മറികടക്കാൻ മുൻപും ഒാർഡിനൻസുകൾ ഇറക്കിയിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിന് ഒാർഡിനൻസ് ഇറക്കണമെന്ന ആവശ്യം ശക്തമാണെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി രാംമാധവ് പറഞ്ഞു. ഇറക്കിയില്ലെങ്കിൽ 1992 മാതൃകയിൽ പ്രക്ഷോഭത്തിനുള്ള സാദ്ധ്യത തളളാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.