ന്യൂഡൽഹി: സി.ബി.ഐ ഡയറക്‌ടർ സ്ഥാനത്തു നിന്ന് അലോക് വർമ്മയെ നീക്കിയത് ചട്ടവിരുദ്ധമായെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടി. നടപടി നിയമവിരുദ്ധവും സി.ബി.ഐ ആക്ടിന്റെ ലംഘനവുമാണെന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മൂന്നംഗ സമിതിയാണ് സി.ബി.ഐ ഡയറക്‌ടറുടെ നിയമനവും മാറ്റവും തീരുമാനിക്കേണ്ടതെന്നും കേന്ദ്ര വിജിലൻസ് കമ്മിഷന് ഇക്കാര്യത്തിൽ അധികാരമില്ലെന്നും മല്ലികാർജ്ജുന ഖാർഗെ പറയുന്നു. സി.ബി.ഐ മേധാവിയെ നിയമിക്കുന്ന പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എന്നിവരടങ്ങിയ സമിതിയുടെ അനുമതിയില്ലാതെയാണ് അലോക് വർമ്മയ്‌ക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുത്തത്. നടപടി റദ്ദാക്കി വർമ്മയുടെ അധികാരങ്ങൾ പുനഃസ്ഥാപിക്കണം. സി.ബി.ഐ ഡയറക്‌ടർക്ക് നിയമപ്രകാരം രണ്ടുവർഷ കാലാവധിയുണ്ട്. മൂന്നംഗ സമിതിയുടെ അനുമതിയില്ലാതെ സ്ഥലമാറ്റം പാടില്ല.
മൂന്നംഗ സമിതി അംഗമായ ഖാർഗെയുടെ അനുമതി തേടാതെയാണ് ഒക്‌ടോബർ 23ന് അലോക് വർമ്മയോട് അവധിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടതെന്ന് ഹർജിയിലുണ്ട്. കേന്ദ്ര വിജിലൻസ് കമ്മിഷനെ ഉപയോഗിച്ച് സി.ബി.ഐയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള നീക്കം തടയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അസ്താനയുടെ അഴിമതി; ഇടനിലക്കാരന് ജാമ്യമില്ല
സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കുനേരെ ഉയർന്ന അഴിമതിയാരോപണത്തെ തുടർന്ന് അറസ്റ്രിലായ ഇടനിലക്കാരൻ മനോജ് പ്രസാദിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി.
സ്പെഷ്യൽ സി.ബി.ഐ ജഡ്ജി സന്തോഷ് സ്നെഹി മൻ ആണ് മനോജിന് ജാമ്യം നിഷേധിച്ചത്.