me-too

ന്യൂഡൽഹി: മീടൂ ആരോപണങ്ങളിൽ കുടുങ്ങി കേന്ദ്രമന്ത്രി സ്ഥാനം നഷ്‌ടമായ എം.ജെ. അക്‌ബറിന്റെ രാജ്യസഭാംഗത്വവും തുലാസിലായി. അക്ബറിനെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നടപടി ആവശ്യപ്പെട്ട് ചില മാദ്ധ്യമ പ്രവർത്തകർ പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റിക്ക് പരാതി നൽകാൻ ഒരുങ്ങുന്നതായി അറിയുന്നു. പരാതി ലഭിച്ചാൽ നടപടി പ്രകാരം മുന്നോട്ടു പോകുമെന്ന് എത്തിക്‌സ് കമ്മിറ്റി അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ നാരായണൻ ലാൽ പഞ്ചാരിയ പറഞ്ഞു. സഭയുടെ അന്തസിന് കളങ്കമുണ്ടാക്കുന്ന വിധത്തിൽ അംഗങ്ങൾ പെരുമാറിയാൽ കമ്മിറ്റിക്ക് ഏതൊരാൾക്കും പരാതി നൽകാം. കമ്മിറ്റിക്ക് സ്വമേധയാ അന്വേഷിക്കാനും അധികാരമുണ്ട്. അക്‌ബറിനെതിരെ ആരോപണമുന്നയിച്ചവർ വഴി രാജ്യസഭാ എം.പിമാർ മുഖേനെ പരാതി നൽകാൻ നീക്കമുണ്ട്. എന്നാൽ എം.പിയാകുന്നതിന് മുൻപുള്ള സംഭവങ്ങളിൽ കമ്മിറ്റിക്ക് നടപടിയെടുക്കാൻ പരിമിതികളുണ്ട്. എം.ജെ. അക്‌ബറിന് ആശ്വാസം നൽകുന്നതും അതാണ്.

മാനഭംഗം തന്നെ: ആവർത്തിച്ച് പല്ലവി

താനുമായി ഉഭയസമ്മത പ്രകാരം ബന്ധപ്പെട്ടെന്ന അക്ബറിന്റെ വാദം തെറ്റാണെന്ന് മാദ്ധ്യമ പ്രവർത്തക പല്ലവി ഗോഗോയ് വ്യക്തമാക്കി. 1994ൽ ഏഷ്യൻ ഏജ് പത്രത്തിൽ ജോലി ചെയ്യവെ അക്ബർ പലതവണ കീഴ്പ്പെടുത്തിയെന്ന ആരോപണം പല്ലവി ആവർത്തിച്ചു. അധികാരത്തിന്റെ ശക്തിയിൽ അക്‌ബർ ബലം പ്രയോഗിച്ച് തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നു. ഒരിക്കലും തന്റെ സമ്മതപ്രകാരമായിരുന്നില്ല. വെളിപ്പെടുത്തൽ തുടരുമെന്നും സമാന അനുഭവമുള്ള സ്‌ത്രീകൾക്ക് മുന്നോട്ടു വരാൻ അതു ധൈര്യം നൽകട്ടെയെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു. പല്ലവിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മാസങ്ങളോളം ഉഭയസമ്മത പ്രകാരം ബന്ധപ്പെട്ടിരുന്നെന്നും അക്‌ബർ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. യു.എസിൽ നാഷണൽ പബ്ളിക് റേഡിയോയിൽ ചീഫ് ബിസിനസ് എഡിറ്ററായ പല്ലവി ഗോഗോയാണ് അക്‌ബറിനെതിരെ ഏറ്റവും ഒടുവിൽ മീടൂ ആരോപണം ഉന്നയിച്ചത്.