ന്യൂഡൽഹി: മുൻ സി.ബി.ഐ സ്‌പെഷ്യൽ ഡയറക്‌ടർ രാകേഷ് അസ്‌താനയ്‌ക്കെതിരെ ഡൽഹി ഹൈക്കോടതിയിലുള്ള കോഴക്കേസിൽ ഇടനിലക്കാരൻ മനോജ് പ്രസാദിന് ജാമ്യം നൽകുന്നത് സി.ബി.ഐ എതിർത്തു. പ്രതി സ്വാധീനമുള്ള ആളാണെന്നും കേസിനെ സ്വാധീനിക്കാൻ സാദ്ധ്യതയുണ്ടെന്നും സി.ബി.ഐ വാദിച്ചു. അതിനിടെ സി.ബി.ഐയ്‌ക്കു വേണ്ടി ഹാജരാകുന്നതിനെ ചൊല്ലി സ്‌പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടറും അഡീഷണൽ സോളിസിറ്റർ ജനറലും തമ്മിൽ കോടതിയിൽ കൊമ്പുകോർത്തു.
അസ്‌താന കേസിലെ മറ്റൊരുപ്രതിയായ തങ്ങളുടെ മുൻ ഡി.എസ്.പി ദേവേന്ദർ കുമാറിന്റെ ജാമ്യാപേക്ഷയെ സി.ബി.ഐ എതിർത്തിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് മനോജിന്റെ അഭിഭാഷകൻ വാദമുയർത്തിയത്. മനോജ് നിലവിൽ റിമാൻഡിലാണ്. ഹൈദരാബാദിലെ വ്യവസായി സതീഷ് സനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ കോഴക്കേസ് രജിസ്‌റ്റർ ചെയ്‌തത്.
കേസിൽ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തത് ചോദ്യം ചെയ്‌ത് അസ്‌താനയും ദേവേന്ദർ കുമാറും നൽകിയ ഹർജി പരിഗണിക്കവെയാണ് സി.ബി.ഐയുടെ പേരിൽ രണ്ട് അഭിഭാഷകർ തമ്മിൽ കോടതി മുറിയിൽ വാക്കേറ്റമുണ്ടായത്. ഒക്‌ടോബർ 23മുതൽ താനാണ് സി.ബി.ഐയ്‌ക്കു വേണ്ടി ഹാജരാകുന്നതെന്ന് പബ്ളിക് പ്രൊസീക്യൂട്ടർ കെ. രാഘവാചാര്യലു വാദിച്ചു. എന്നാൽ ഏജൻസിയുടെ നിർദ്ദേശ പ്രകാരമാണ് താൻ വന്നതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത്ത് ബാനർജിയും പറഞ്ഞു. രണ്ടുപേരുടെയും അവകാശവാദങ്ങൾ കോടതി മുറിയിൽ അൽപനേരം ആശയക്കുഴപ്പമുണ്ടാക്കി. ഉത്തരവുമായി വരാമെന്ന് പറഞ്ഞ് ബാനർജി പിന്നീട് പിൻവാങ്ങി. പിന്നീട് മനോജിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ബാനർജി ഉണ്ടായിരുന്നില്ല.