bridge-

ന്യൂഡൽഹി: ബ്രിട്ടീഷ് സ്‌മാരകങ്ങളുടെ വാസ്‌തുവിദ്യ അമ്പരിപ്പിക്കുന്ന ഡൽഹിയിൽ ഇനി ഇന്ത്യക്കാർ നിർമ്മിച്ച തൂക്കം പാലം അഭിമാനമായി ഉയർന്നു നിൽക്കും. വടക്കൻ ഡൽഹിയിൽ യമുനാ നദിക്കു കുറുകെ നിർമ്മിച്ച പാലം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചേർന്ന് ഗതാഗതത്തിന് തുറന്നു കൊടുത്തു.

മദ്ധ്യത്തിൽ കൂപ്പുകൈ മാതൃകയിൽ ഗ്ളാസിൽ നിർമ്മിച്ച കൂറ്റൻ ടവറിന്റെ ഇരു ഭാഗത്തും 127 കേബിളുകളിലാണ് 575 മീറ്റർ നീളമുള്ള പാലം തൂങ്ങിക്കിടക്കുന്നത്. മദ്ധ്യത്തിലെ ടവറിന് 154 മീറ്റർ ഉയരമുണ്ട്. 50 പേർക്ക് വീതം എലിവേറ്റർ വഴി ടവറിന് മുകളിൽ ചെന്ന് പാരീസിലെ ഈഫൽ ടവർ മാതൃകയിൽ നഗര കാഴ്‌ചകൾ ആസ്വദിക്കാം. എട്ടുവരികളുള്ള പാലത്തിൽ പടമെടുക്കാൻ സെൽഫി സ്‌പോട്ടുകളുമുണ്ട്.

വസീറാബാദിനെയും റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന പാലം വടക്കൻ ഡൽഹിയിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. 2004ലാണ് ഡൽഹിയുടെ അഭിമാന പാലം പ്രഖ്യാപിച്ചത്. പാലകാരണങ്ങളാൽ നിർമ്മാണം ഇഴഞ്ഞു. 494 കോടി രൂപ എസ‌്‌റ്റിമേറ്റിൽ നിർമ്മാണം തുടങ്ങിയ പാലം പൂർത്തിയായപ്പോൾ ചെലവ് 1,594 കോടി രൂപയായി. 2010ൽ കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായി പൂർത്തിയാക്കാനും നീക്കമുണ്ടായെങ്കിലും നടന്നില്ല.

ഉദ്ഘാടനത്തിനും കലഹം

14 വർഷം വൈകി പൂർത്തിയായ പാലത്തിന്റെ ഉദ്‌ഘാടന ചടങ്ങും ബി.ജെ.പി പ്രവർത്തകരും ആംആദ്‌മി പ്രവർത്തകരും തമ്മിലുള്ള രാഷ്‌ട്രീയ ഏറ്റുമുട്ടിലിന്റെ വേദിയായി. സ്ഥലം എം.പിയും ബി.ജെ.പി നേതാവുമായ മനോജ് തീവാരിയെ ചടങ്ങിന് ക്ഷണിക്കാത്തതിനെ ചൊല്ലി ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ഡൽഹിയിൽ മെട്രോ ട്രെയിൻ ഉദ്‌ഘാടന ചടങ്ങുകളിൽ കേജ്‌രിവാളിനെ ക്ഷണിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനുള്ള പ്രതികാരമായാണ് ആംആദ്‌മി ബി.ജെ.പി നേതാക്കളെ ഒഴിവാക്കിയത്.