ari

ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി നിർമ്മിച്ച ആദ്യത്തെ ആണവ അന്തർവാഹിനിയായ ഐ. എൻ. എസ് അരിഹന്ത് നിരീക്ഷണയാത്ര വിജയകരമായി പൂർത്തിയാക്കി. ഈ വർഷം ആദ്യമാണ് യാത്ര തുടങ്ങിയത്. ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈലുകളുമായി പുറംലോകം കാണാതെ മാസങ്ങളോളം സമുദ്രത്തിൽ മുങ്ങിക്കിടുക്കന്ന കപ്പലിന്റെ പ്രവർത്തനം ആണവ റിയാക്ടറിൽ ഉല്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടാണ്.

ഐ.എൻ.എസ് അരിഹന്ത് ഇന്ത്യയുടെ ആണവശക്തിക്ക് തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആണവ പ്രതിരോധമാണ് സാഹചര്യം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ട്രാറ്റജിക് സ്‌ട്രൈക്ക് ആണവ അന്തർവാഹിനി(SSBN) വിഭാഗത്തിൽപ്പെടുന്ന ഐ.എൻ.എസ് അരിഹന്ത് ആദ്യ നിരീക്ഷണ പരീക്ഷണം (ഡിറ്ററന്റ് പട്രോളിംഗ്) പൂർത്തിയാക്കിയ ശേഷം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അരിഹന്തിന്റെ വരവോടെ നാം രാജ്യസുരക്ഷയിൽ വലിയൊരു മുന്നേറ്റം നടത്തിയിരിക്കുന്നു. ശത്രുക്കൾക്ക് ഇതൊരു തുറന്ന വെല്ലുവിളിയാണ്. ശത്രുവിന്റെ അന്തകൻ എന്നർത്ഥമുള്ള അരിഹന്ത് 130കോടി ജനങ്ങളുടെ സംരക്ഷണവും മേഖലയിൽ സമാധാനവും ഉറപ്പാക്കും. അരിഹന്തിലൂടെ മറ്റൊരു ചരിത്രവും കുറിച്ചു. കരയിലും ആകാശത്തുംവെള്ളത്തിലും ആണവായുധ മിസൈലുകൾ വിന്യസിക്കാനുള്ള(ന്യൂക്ളിയർ ട്രയാഡ്) പ്രാപ്തി ഇന്ത്യ കൈവരിച്ചു. ഇന്ത്യയുടെ ആണവ ശക്തി സംബന്ധിച്ച ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരമായി. ആഗോള സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടിയുള്ള ഇന്ത്യയുടെ സംഭാവനയാണ് ആണവ ട്രയാഡ്.

മുങ്ങിക്കപ്പൽ സ്വന്തമായി രൂപകൽപന ചെയ്‌ത് നിർമ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിച്ചതിന് എെ.എൻ.എസ് അരിഹന്തിന്റെ ശില്പികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി​മാരായ നി​ർമ്മലാസീതാരാമൻ, രാജ്നാഥ് സിംഗ്, അരുൺ​ ജയ്‌റ്റ്‌ലി​ തുടങ്ങി​യവരും പങ്കെടുത്തു.

കടലിലെ മിസൈൽ റാണി

1. ഇന്ത്യ സ്വന്തമായി നിർമ്മിച്ച ആദ്യത്തെ ആണവ അന്തർവാഹിനി. 2012ൽ റഷ്യയിൽ നിന്നു വിലയ്ക്കു വാങ്ങിയ ഐ. എൻ. എസ് ചക്രയാണ് ഇന്ത്യയുടെ കൈവശമുള്ള മറ്റൊന്ന്.

2. അഗ്നി ബാലിസ്റ്റിക് മിസൈലുകൾ വഹിക്കും.നാലു മിസൈൽ വിക്ഷേപണികൾ. 750 കിലോമീറ്റർ അകലെയുള്ള ശത്രുവിനെ തകർക്കാൻ കഴിയുന്ന 12 മിസൈലുകളോ 3500 കിലോ മീറ്റർവരെ ഉന്നം വയ്ക്കാവുന്ന നാലു മിസൈലുകളോ വഹിക്കാം. ചൈനയും പാകിസ്ഥാനും ആക്രമണ പരിധിയിൽ.

3. മിറാഷ് 2000 പോലുള്ള വിമാനങ്ങൾ വഴി ആണവായുധങ്ങൾ എത്തിക്കാം

4. വേഗത: ഉപരിതലത്തിൽ 22 മുതൽ 24 കി.മീ.വരെ. സമുദ്രാന്തർഭാഗത്ത് 44 കി.മീ. വരെ.

5. ഒരേസമയം നൂറോളം നാവികർ അന്തർവാഹിനിയിൽ

6. സമ്പുഷ്ട യുറേനിയം ഉപയോഗിക്കുന്ന ആണവ റിയാക്ടർ വഴി 83 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാം. അതിനാൽ മാസങ്ങളോളം കടലിൽ മുങ്ങിക്കിടക്കാം.

7. നീളം :112 മീറ്റർ.

8. നിർമ്മാണ ചെലവ് 2.9 ബില്യൺ ഡോളർ

9. 2016 ആഗസ്റ്റിൽ കമ്മിഷൻ ചെയ്തു,

10.ആണവ അന്തർവാഹിനികൾ സ്വന്തമായുള്ള മറ്റു രാജ്യങ്ങൾ: അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ഇംഗ്ളണ്ട്

11. മൂന്നു മുതൽ എട്ടുവരെ ആണവ മിസൈലുകൾ വഹിക്കാവുന്ന അന്തർവാഹിനി ചൈനയ്ക്കുണ്ട്.