ന്യൂഡൽഹി:കേന്ദ്രസർക്കാരുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട റിസർവ് ബാങ്ക് ബോർഡിന്റെ പ്രവർത്തനം നിരാശാജനകമാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുരാം രാജൻ പറഞ്ഞു. വ്യവസായികൾ അടങ്ങിയ ബോർഡ് റിസർവ്ബാങ്കിന്റെ നിത്യേനെയുള്ള പ്രവർത്തനങ്ങളിൽ ഇടപെടരുതെന്നും ഉപദേശങ്ങൾ നൽകിയാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.മുൻ ക്രിക്കറ്റ്താരങ്ങളോട് ബാങ്ക് ബോർഡിനെ താരതമ്യപ്പെടുത്തിയ രഘുറാം രാജൻ രാഹുൽ ദ്രാവിഡിനെപ്പോലെ വിശ്വാസ്യതയുള്ള ബാറ്റ്‌സ്‌മാനായി കളിക്കുകയും ചില കാര്യങ്ങളിൽ പരിശീലിപ്പിക്കുകയുമാണ് ബോർഡ് ചെയ്യേണ്ടത്. കമന്റേറ്റർ കൂടിയായ നവ്‌ജോധ് സിംഗ് സിദ്ധുവിന്റെ ശൈലിയിൽ നിർണായക തീരുമാനങ്ങൾ ഉറക്കെ വിളിച്ചു പറയരുതെന്നും രാജൻ ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാരുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ബോർഡിന് വലിയ പങ്കുണ്ട്. ഭിന്നതകൾ പരിഹരിക്കാൻ ബുദ്ധിമാൻമാരെയാണ് ബോർഡിൽ വേണ്ടത്. പ്രശ്‌നങ്ങൾ വലുതാക്കുന്നവരെ അല്ല. ഇപ്പോഴുളളവരും നല്ലവരാണ്. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവർക്കു കഴിയും. ബാങ്കുകളിൽ തട്ടിപ്പു നടത്തുന്നവരുടെ പേരുകൾ പരസ്യപ്പെടുത്തണം. അവർ രക്ഷപ്പെട്ടാൽ കൂടുതൽ തട്ടിപ്പിന് പ്രോത്‌സാഹനമാകും. എവിടെ ഒളിച്ചാലും ഇന്ത്യൻ നിയമത്തിന്റെ കരങ്ങൾ തട്ടിപ്പുകാരെ പിടികൂടുമെന്ന സന്ദേശം പ്രചരിപ്പിക്കണം. ചെറുകിട സംരംഭകർക്കുള്ള വായ്‌പ സംബന്ധിച്ച് സർക്കാരുമായുള്ള തർക്കത്തെ പരാമർശിച്ച് വായ്‌പാ നിബന്ധനകളിൽ ഇളവില്ലാതെ നടപടികൾ ലഘൂകരിക്കലാണ് ഉത്തമമെന്നും രാജൻ ചൂണ്ടിക്കാട്ടി. പൊതുമേഖലാ-സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.