pk-sasi

ഒാഡിയോ തെളിവും നൽകി

ന്യൂഡൽഹി:ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ നൽകിയ മാനഭംഗ പരാതി അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച കമ്മിഷനിൽ സംശയമുണ്ടെന്നും തന്നെ പ്രലോഭിപ്പിച്ച് പരാതി പിൻവലിപ്പിക്കാൻ ശ്രമിക്കുന്നതായും ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സി.പി.എം കേന്ദ്രനേതൃത്വത്തിന് വീണ്ടും പരാതി നൽകി. ആരോപണത്തിന് തെളിവായി പി.കെ. ശശി നടത്തിയ സംഭാഷണത്തിന്റെ ഒാഡിയോ ഫയലും നൽകിയിട്ടുണ്ട്. ആഗസ്‌റ്റിൽ നൽകിയ പരാതിയിൽ നടപടി നീളുന്നത് ചൂണ്ടിക്കാട്ടി വനിതാ നേതാവ് മുൻപും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.

രണ്ട് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ അടങ്ങിയ അന്വേഷണ കമ്മിഷൻ തന്റെയും പി.കെ. ശശിയുടെയും പക്കൽ നിന്ന് തെളിവെടുത്തതല്ലാതെ തീരുമാനമൊന്നുമായില്ലെന്ന് പരാതിയിൽ പറയുന്നു. അതേസമയം അടുത്ത കാലത്തുണ്ടായ ചില സംഭവവികാസങ്ങൾ അന്വേഷണത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയും സംശയവും ഉണ്ടാക്കുന്നു. പാർട്ടി നേതൃത്വത്തിന്റെ വിശ്വാസ്യതയെയും അത് ചോദ്യം ചെയ്യുന്നു. അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പിനുശേഷം കെ.ജി.ഒ.എ സെക്രട്ടറി ഡോ. നാസർ പരാതി പിൻവലിക്കാൻ നിർബന്ധിച്ചു. പകരം നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്‌തു.

തനിക്ക് നീതി ലഭിക്കാനും പ്രവർത്തകർക്ക് പാർട്ടി നേതൃത്വത്തിലുള്ള വിശ്വാസ്യത നിലനിറുത്താനും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടണമെന്നും അതിനുള്ള ഇടപെടൽ നടത്തണമെന്നും വനിതാ നേതാവ് പരാതിയിൽ ആവശ്യപ്പെട്ടു.