ന്യൂഡൽഹി:നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്ര സർക്കാരും ദുരിതത്തിന് അറുതിയായില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷവും ഏറ്റുമുട്ടി.സമ്പദ്‌വ്യവസ്ഥയെ നന്നാക്കാനാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. മന്ത്രിയുടെ പ്രസ്‌താവന ലജ്ജാകരമെന്ന് സി.പി.എമ്മും ദുരന്തമായിരുന്നു നോട്ട് നിരോധമെന്ന്കോൺഗ്രസും പറഞ്ഞു.
സമ്പദ്‌വ്യവസ്ഥ സുതാര്യമായി: ജയ്‌റ്റ്ലി
കള്ളപ്പണം കുറയ്‌ക്കാനും പണരഹിത ഇടപാടുകൾ പ്രോത്‌സാഹിപ്പിക്കാനും നോട്ട് നിരോധനം വൻ വിജയമാണെന്നും കറൻസി പിടിച്ചെടുക്കാനല്ല, സമ്പദ്‌വ്യവസ്ഥയെ നേരെയാക്കാനാണ് ലക്ഷ്യമിട്ടതെന്നും അരുൺ ജയ്റ്റ്ലി പറഞ്ഞു. പണരഹിത ഇടപാടുകളിലേക്ക് മാറാൻ ഒരു ഉലച്ചിൽ ആവശ്യമായിരുന്നു. നികുതി വരുമാനത്തിലെ കുതിച്ചു ചാട്ടം അതിന്റെ പരിണിത ഫലമാണ്. നികുതി വെട്ടിച്ചവരുടെ പണം നോട്ട് നിരോധനത്തിലൂടെ ബാങ്കുകളിലെത്തി. തട്ടിപ്പ് നടന്ന 17.42ലക്ഷം ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തി. വൻ നിക്ഷേപം ബാങ്കുകളെയും തുണച്ചു.
പണരഹിത ഇടപാടുകൾക്കുള്ള യു.പി.ഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) വഴി 59,800 കോടി രൂപയുടെ ഇടപാടു നടന്നു. 1.25കോടി ആളുകൾ സർക്കാരിന്റെ ഭീം യു.പി.ഐ ആപ്പ് ഉപയോഗിക്കുന്നു. ആദായ നികുതി വരുമാനം 20.2ശതമാനവും റിട്ടേൺ സമർപ്പിക്കുവർ 3.8 കോടിയിൽ നിന്ന് 6.86 കോടിയായും വർദ്ധിച്ചു.
വൻ ദുരന്തം: കോൺഗ്രസ്
ചെറുകിട കച്ചവടക്കാരെയും പാവപ്പെട്ടവരെയും തകർത്ത വൻദുരന്തമാണ് നോട്ട് നിരോധനമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ലക്ഷ്യം പിഴച്ച പരിഷ്‌കാരം രാജ്യത്തെ കഷ്‌ടത്തിലാക്കി. പാവപ്പെട്ടവനെതിരെ നരേന്ദ്രമോദി ആസൂത്രിതമായി നടത്തിയ സാമ്പത്തിക കുംഭകോണമായിരുന്നു അത്. നോട്ട് നിരോധനത്തിന്റെ ദുരിതം ഇപ്പോഴാണ് കൂടുതൽ പ്രതിഫലിക്കുന്നതെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് ചൂണ്ടിക്കാട്ടി.
സഹായിച്ചത് കള്ളപ്പണം വെളുപ്പിക്കാൻ: സി.പി.എം
അടിച്ചേൽപ്പിച്ച നോട്ടുനിരോധന ദുരന്തം ജനത്തെ ഇപ്പോഴും വലയ്‌ക്കുമ്പോഴും ധനമന്ത്രി ന്യായീകരണം നടത്തുന്നത് ലജ്‌ജാകരമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാനാണ‌് നോട്ടുനിരോധനം വഴിയൊരുക്കിയത‌്. പണമിടപാടുകളെ ആശ്രയിച്ചവരുടെ ജീവിതം താറുമാറായി.