ന്യൂഡൽഹി: തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പിന് പൊതു, സ്വകാര്യ പങ്കാളിത്തം (പി.പി.പി ) അനുവദിക്കാൻ കേന്ദ്രമന്ത്രി സഭ തത്വത്തിൽ തീരുമാനിച്ചു. എയർപോർട്ട് അതോറിട്ടിയുടെ കീഴിലുള്ള തിരുവനന്തപുരം, മംഗലാപുരം, ഗോഹട്ടി, ലക്‌നൗ, ജയ്‌പൂർ, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പ്, മാനേജ്‌മെന്റ്, വികസനം എന്നിവയാണ് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നത്.
പൊതുസ്വകാര്യ പങ്കാളിത്ത അപ്രൈസൽ കമ്മിറ്റിയുടെ (പി.പി.പി.എ.സി) അനുമതിയോടെയാവും നടത്തിപ്പ് കൈമാറുക. പി.പി.പി.എ.സിയുടെ പരിധിക്കു മുകളിലുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ നിതി ആയോഗ് സി.ഇ.ഒ, സിവിൽ ഏവിയേഷൻ മന്ത്രാലയം സെക്രട്ടറി, സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി, എക്‌സ്‌പെൻഡിച്ചർ മന്ത്രാലയ സെക്രട്ടറി എന്നിവരടങ്ങിയ ഉന്നതാധികാര സമിതിയും രൂപീകരിക്കും.
ഡൽഹി, ബാംഗ്ളൂർ, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ മാതൃകയിൽ ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കാനാണ് പി.പി.പി മാതൃകയിൽ നടത്തിപ്പ് കൈമാറുന്നതെന്ന് കേന്ദ്രസർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു. എയർപോർട്ട് അതോറിട്ടി പണമിറക്കാതെ വിമാനത്താവളങ്ങളിൽ ലോകോത്തര സൗകര്യങ്ങൾ ഒരുക്കൽ, യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകൽ, വരുമാനം വർദ്ധിപ്പിക്കൽ തുടങ്ങിയവയാണ് ലക്ഷ്യം. ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല ജി.എം.ആർ എന്ന വലിയ ഗ്രൂപ്പിനാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും സ്വകാര്യ ഗ്രൂപ്പുകൾക്ക് ലഭിക്കാൻ അവസരമൊരുങ്ങി.