ന്യൂഡൽഹി: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ നാളെ വോട്ടെടുപ്പ് നടക്കുന്ന എട്ട് നക്‌സൽ ബാധിത ജില്ലകൾ ഉൾപ്പെടെ 18 മണ്ഡലങ്ങളിൽ പ്രചാരണം അവസാനിച്ചു. മുഖ്യമന്ത്രി രമൺസിംഗിന്റെ നേതൃത്വത്തിൽ 2003മുതൽ ആധിപത്യം തുടരുന്ന ബി.ജെ.പിയും ഭരണം പിടിക്കാൻ ശ്രമിക്കുന്ന കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം. മായാവതിയുടെ ബി.എസ്.പി, കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ്(ജെ.സി.സി), സി.പി.ഐ എന്നീ പാർട്ടികളുടെ മുന്നണിയും രംഗത്തുണ്ട്. നക്‌സൽ ആക്രമണവും നോട്ട് നിരോധന വാർഷികവും അടക്കമുള്ള ആനുകാലിക വിഷയങ്ങൾ പ്രചാരണത്തെ കൊഴുപ്പിച്ചു.
നാളെ വോട്ടെടുപ്പ് നടക്കേണ്ട 12മണ്ഡലങ്ങൾ മാവോയിസ്‌റ്റ് ഭീഷണി രൂക്ഷമായ ബസ്‌തർ മേഖലയിലാണ്. അതീവ സുരക്ഷാ പ്രശ്‌നമുള്ള 10മണ്ഡലങ്ങളിൽ ഇന്നലെ മൂന്നുമണിക്കു തന്നെ പ്രചാരണം അവസാനിച്ചു. 90 അംഗ നിയമസഭയിൽ 72 മണ്ഡലങ്ങളിൽ 20ന് വോട്ടെടുപ്പ് നടക്കും.
18 മണ്ഡലങ്ങൾ:
അന്തഗഡ്, ഭാനുപ്രതാപ്പൂർ, കാങ്കർ, കൊണ്ടഗാവ്, നാരായൺപൂർ, ബസ്‌തർ, ജഗ്‌ദൽപൂർ, കേശ്‌ക്കൽ, ചിത്രകൂട്, ദന്തെവാഡ, ബീജാപൂർ, കോന്ത, ഖൈരാഗഡ്, ദൊനഗർഗഡ്, രാജനന്ദഗാവ്, ദൊനഗഡ്ഗാവ്, ഖുജി, മൊഹ്‌ലാ മാൻപൂർ. മുഖ്യമന്ത്രി രമൺ സിംഗും കോൺഗ്രസിനു വേണ്ടി മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ സഹോദര പുത്രി കരുണാ ശുക്ളയും മത്സരിക്കുന്ന രാജനന്ദഗാവാണ് ശ്രദ്ധേയം. ആകെ 190 സ്ഥാനാർത്ഥികൾ. കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ നക്‌സൽ ബാധിത പ്രദേശങ്ങളിലെ വോട്ടിംഗും നിർണായകം. 2013ൽ 18ൽ 12സീറ്റിലും കോൺഗ്രസാണ് ജയിച്ചത്. ബി.ജെ.പി എട്ടു നേടി.
പ്രചാരണം കൊഴുപ്പിച്ച് നേതാക്കൾ:
പ്രചാരണത്തിൽ ബി.ജെ.പിയുടെ തുറുപ്പുചീട്ട് നരേന്ദ്രമോദിയായിരുന്നു. തീപ്പൊരി പ്രസംഗവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥും എത്തി. ഇന്നലെ ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ രാജ്നന്ദഗാവിൽ റോഡ് ഷോ നടത്തി. 14 ദിവസത്തിനുള്ളിൽ നക്‌സൽ ആക്രമണങ്ങളിൽ 11 സൈനികരും ദൂരദർശൻ കാമറാമാനും കൊല്ലപ്പെട്ടതും നോട്ട്നിരോധനം അടക്കമുള്ള വിഷയങ്ങളും പ്രചാരണ വിഷയങ്ങളായി. കൈയിൽ കാമറയുമായി വന്ന ആളെപ്പോലും വെറുതെ വിടാത്ത നക്‌സലുകളെ പ്രോത്സാഹിപ്പിക്കുകയാണ് ബി.ജെ.പി സർക്കാരെന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ കോൺഗ്രസ് സഹായിക്കുന്ന നഗര മാവോയിസ്‌റ്റുകളാണ് പ്രശ്‌നക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചടിച്ചു. എ.സി കെട്ടിടത്തിൽ താമസിച്ച് കുട്ടികളെ വിദേശത്ത് പഠിപ്പിക്കുന്ന മാവോയിസ്‌റ്റുകൾ പാവപ്പെട്ട ആദിവാസികളെ ചൂഷണം ചെയ്യുകയാണെന്നും മോദി പറഞ്ഞു. ട്ട് നിരോധന വാർഷികവും കോൺഗ്രസ് ആയുധമാക്കി.
വാഗ്‌ദാന പെരുമഴ:
ഛത്തീസ്ഗഡ് നിലനിറുത്താൻ ബി.ജെ.പിയും ഭരണം പിടിക്കാൻ കോൺഗ്രസും പ്രകടനപത്രികയിൽ വാഗ്‌ദാനങ്ങൾ കോരിച്ചൊരിഞ്ഞു. അധികാരത്തിലേറിയാൽ കാർഷിക വായ്‌പകൾ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് മദ്യ നിരോധനം, പത്തുലക്ഷം തൊഴിൽ രഹിതർക്ക് മാസം 2500 സ്‌റ്റൈപ്പന്റ്, നെൽ കർഷകർക്ക് 2500രൂപ താങ്ങുവില, എല്ലാ ജില്ലകളിലും ഭക്ഷ്യസംസ്‌കരണ പ്ളാന്റുകൾ തുടങ്ങിയ വാഗ്‌ദാനങ്ങളും മുന്നോട്ടു വയ്‌ക്കുന്നു. കർഷകരെയും ചെറുപ്പക്കാരെയും ഉന്നമിട്ടുള്ള പ്രഖ്യാപനങ്ങളാണ് ഇന്നലെ പുറത്തിറക്കിയ ബി.ജെ.പിയുടെ പ്രകടനപത്രികയുടെയും കാതൽ. സങ്കൽപ് പത്രം എന്ന പേരിൽ പുറത്തിറക്കിയ പത്രികയിൽ 2025ൽ ഛത്തീസ്ഗഡിനെ രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായി മാറ്റുമെന്ന് പറയുന്നു. വനിതാ സംരംഭകർക്ക് രണ്ടുലക്ഷം പലിശരഹിത വായ്‌പ, 12ക്ളാസുവരെ സൗജന്യ പുസ്‌തകവും യൂണിഫോം, സംസ്ഥാനത്ത് ഫിലിം സിറ്റി, പത്രക്കാർക്ക് ക്ഷേമ ബോർഡ്തുടങ്ങിയവയുമുണ്ട്.