alok-varma

ന്യൂഡൽഹി : സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയ്ക്കെതിരെ സ്‌പെഷ്യൽ ഡയറക്‌ടർ രാകേഷ് അസ്‌താന ഉന്നിയിച്ച അഴിമതിയുൾപ്പെടെയുള്ള ആരോപണങ്ങളിൽ കേന്ദ്രവിജിലൻസ് കമ്മിഷൻ (സി.വി.സി) ഇന്ന് സുപ്രീംകോടതിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകും. ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് റിപ്പോർട്ട് പരിഗണിക്കും.

അസ്‌താന നൽകിയ രേഖകളും അലോക് വർമ്മയുടെ വാദങ്ങളും പരിശോധിച്ച് കേന്ദ്രവിജിലൻസ് കമ്മിഷണർ കെ.വി. ചൗധരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് റിട്ട. ജഡ്‌ജി എ.കെ. പട്നായിക്കിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

അലോക് വർമ്മ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് കേന്ദ്ര വിജിലൻസ് കമ്മിഷൻ കണ്ടെത്തിയതായാണ് സൂചന. റിപ്പോർട്ട് സുപ്രീംകോടതി അംഗീകരിച്ചാൽ അലോക് വർമ്മ ഡയറക്ടറായി മടങ്ങിയെത്തിയേക്കും. ഇത് കേന്ദ്രസർക്കാരിന് തിരിച്ചടിയുമാകും. അലോക് വർമ്മയും രാകേഷ് അസ്താനയും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഇരുവരെയും ഒക്ടോബർ 23ന് അർദ്ധരാത്രിയിൽ കേന്ദ്രം നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവധിയിൽ പ്രവേശിപ്പിച്ചതും, ഇടക്കാല ഡയറക്ടറെ നിയോഗിച്ചതും റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലോക് വർമ്മയും കോമൺകോസ് എന്ന എൻ.ജി.ഒയുമാണ് കോടതിയെ സമീപിച്ചത്.

ഇറച്ചി വ്യാപാരിയായ മൊയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതി കേസിൽ പ്രതിചേർക്കാതിരിക്കാൻ ഹൈദരാബാദിലെ ബിസിനസുകാരൻ സതീഷ് സനയിൽ നിന്ന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങി, അന്വേഷണം അട്ടിമറിക്കാൻ ഇടപെട്ടു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് അസ്‌താന ആഗസ്റ്റ് 24ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഈ ആരോപണങ്ങളാണ് സി.വി.സി അന്വേഷിക്കുന്നത്. പ്രഥമ ദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാൽ മതിയെന്നും രണ്ടാഴ്ചയ്‌ക്കകം അന്വേഷണം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി ഒക്ടോബർ 26ന് ഉത്തരവിട്ടിരുന്നു. അസ്‌‌താനയ്ക്കെതിരെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനടക്കം 13 പേരെ സ്ഥലംമാറ്റിയ ഇടക്കാല ഡയറക്ടർ എം. നാഗേശ്വര റാവുവെടുത്ത തീരുമാനങ്ങളും കോടതി തേടിയിട്ടുണ്ട്.