ന്യൂഡൽഹി:രാജ്യത്തെ സ്ഥലപേരുകൾ ഭാരതീയവത്ക്കരിക്കുന്നതിൽ ആവേശം കാട്ടുന്ന കേന്ദ്രസർക്കാർ ഒരു വർഷത്തിനിടെ അംഗീകരിച്ചത് 25 പേരുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതിനുള്ള അധികാരം.
പശ്ചിമ ബംഗാളിനെ ബംഗ്ല എന്നാക്കാൻ മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. അലഹാബാദിനെ പ്രയാഗ് രാജെന്നും , ഫൈസാബാദിനെ അയോദ്ധ്യയെന്നും മാറ്റാൻ തീരുമാനിച്ച യു.പി സർക്കാരിന്റെ ശുപാർശ ലഭിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതൻ സൂചിപ്പിച്ചു.
ആന്ധ്രപ്രദേശ് ഈസ്റ്റ് ഗോദാവരിയിലെ രാജമുണ്ട്രിയെ രാജമഹേന്ദ്രാവരമായും , ഒറീസയിലെ ഭദ്രക് ജില്ലയിലുള്ള ഔട്ടർവീലർ എ.പി.ജെ അബ്ദുൾ കലാം ദ്വീപായും മാറിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ അരിക്കോടിനെ അരീക്കോടായും അംഗീകരിച്ചിരുന്നു.
പുതിയ പേരിടാൻ
.........................
റെയിൽവെ, പോസ്റ്റൽ, സർവേ വകുപ്പുകളുടെ അനുമതിയോടെയാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം ശുപാർശകൾ അംഗീകരിക്കുന്നത്.
പുതിയ പേരുകൾ രാജ്യത്ത് മറ്റ് സ്ഥലങ്ങൾക്കില്ലെന്ന് ഈ വകുപ്പുകൾ സ്ഥിരീകരിക്കണം.
സംസ്ഥാനങ്ങളുടെ പേര് മാറ്റാൻ ഭരണഘടനാഭേദഗതി ആവശ്യമാണ്. ഗ്രാമങ്ങളുടെയും ടൗണുകളുടെയും പേര് മാറ്റാൻ സർക്കാർ ഉത്തരവ് മതി.
പശ്ചിമ ബംഗാളിനെ ബംഗ്ലയാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ശുപാർശ ആഭ്യന്തരമന്ത്രാലയം വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്. അയൽ രാജ്യമായ ബംഗ്ലാദേശുമായി സാമ്യമുള്ളതിനാലാണിത്.
അവസാനമായി സംസ്ഥാനത്തിന്റേ പേര് മാറ്റിയത് 2011ലാണ്. ഒറീസയെ ഒഡീഷയാക്കി.
2014ൽ ബാംഗ്ലൂർ എന്നത് ബംഗളുരുവാക്കിയതുൾപ്പടെ കർണാടകയിലെ 11 നഗരങ്ങൾക്ക് പേരുമാറ്റം വന്നു. 1995ലാണ് ബോംബെ മുബയ് ആയത്. 96ൽ മദ്രാസ് ചെന്നൈയായി. 2001ൽ കൽക്കത്ത കൊൽക്കത്തയായി.
പേരിടൽ രാഷ്ട്രീയം
...............................................
അലഹബാദിനെ പ്രയാഗ് രാജെന്നും ഫൈസാബാദിനെ അയോദ്ധ്യയെന്നും സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു കഴിഞ്ഞു. അഹമ്മദാബാദിനെ കർണാവതിയാക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അടുത്തിടെ പറഞ്ഞിരുന്നു. ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപായി പേരുമാറിയേക്കും.
അധികാരം ലഭിച്ചാൽ ഹൈദരാബാദ് ഉൾപ്പടെയുള്ള തെലുങ്കാന നഗരങ്ങളുടെ പേര് മാറ്റുമെന്ന് സംസ്ഥാനത്തെ ബി.ജെ.പി നേതാവ് വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ മുഗൾസാരായി റെയിൽവെ സ്റ്റേഷന്റെ പേര് മോദി സർക്കാർ കഴിഞ്ഞവർഷം ദീൻദയാൽ ഉപാദ്ധ്യായ സ്റ്റേഷൻ എന്നാക്കിയിരുന്നു. ജനസംഘം നേതാവായിരുന്ന ഉപാദ്ധ്യയയെ ഈ സ്റ്റേഷനിലെ ട്രാക്കിലാണ് 1968ൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബയിലെ പ്രശസ്തമായ റെയിൽവെ സ്റ്റേഷനായ ഛത്രപതി ശിവജി ടെർമിനസിനെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് എന്ന് പരിഷ്കരിക്കുകയും ചെയ്തു.