cvc

ന്യൂഡൽഹി: സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയ്ക്കെതിരെ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന ഉന്നയിച്ച ആരോപണങ്ങളിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് കേന്ദ്രവിജിലൻസ് കമ്മിഷൻ (സി.വി.സി) സുപ്രീംകോടതിയിൽ സമർപ്പിച്ചു. റിപ്പോർട്ടിൽ വാദം കേൾക്കുന്നതിനായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
സി.ബി.ഐ ഇടക്കാല ഡയറക്ടർ എം. നാഗേശ്വരറാവു ഒക്ടോബർ 23 മുതൽ 26 വരെയെടുത്ത തീരുമാനങ്ങൾ മുദ്രവച്ച കവറിൽ സി.ബി.ഐ കോടതിയിൽ സമർപ്പിച്ചു.
അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ വൈകിയതിൽ കേന്ദ്രവിജിലൻസ് കമ്മിഷനെ കോടതി വിമർശിച്ചു. റിപ്പോർട്ട് സ്വീകരിക്കാനായി ഞായറാഴ്ചയും രജിസ്ട്രി ഓഫീസ് തുറന്നത് ചീഫ്ജസ്റ്റിസ് ചൂണ്ടിക്കാട്ടി. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയതിൽ കമ്മിഷൻ ക്ഷമാപണം നടത്തി. റിപ്പോർട്ട് നവംബർ 10ന് തന്നെ പൂർത്തിയായതായും കമ്മിഷനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.