ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് രണ്ട് പാർലമെന്റ് സമ്മേളനങ്ങൾ ബാക്കിയിരിക്കെ പാർലമന്ററി കാര്യ മന്ത്രി എന്ന നിലയിൽ നിർണായക ഇടപെടലുകൾ നടത്തേണ്ട 'ഫ്ളോർമാനേജരെ' ആണ് അനന്തകുമാറിന്റെ വിയോഗത്തിലൂടെ നരേന്ദ്ര മോദി സർക്കാരിന് നഷ്‌ടമായത്. പാർട്ടിയിലും സർക്കാരിലും ബി.ജെ.പിയുടെ ശക്തനായ ദക്ഷിണേന്ത്യൻ മുഖമായിരുന്നു അദ്ദേഹം. കർണാടകയിലെ ബി.ജെ.പിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചു.
അവശേഷിക്കുന്ന ശീതകാല സമ്മേളനത്തിലും അവസാന ബഡ്‌ജറ്റ് സമ്മേളനത്തിലും മുത്തലാഖ് അടക്കമുള്ള നിർണായക ബില്ലുകൾ പാസാക്കാനും പ്രതിപക്ഷ ഐക്യം അതിജീവിക്കാനും അനന്തകുമാറിന്റെ നയചാതുര്യം പാർട്ടിക്ക് ആവശ്യമായിരുന്നു. പ്രതിപക്ഷത്തെ സഭാതലത്തിൽ അനുനയിപ്പിക്കേണ്ടത്(ഫ്ളോർ മാനേജിംഗ്) വകുപ്പ് മന്ത്രിയുടെ ചുമതലയാണ്. പ്രതിപക്ഷം ഉടക്കിന് മുന്നിൽ അദ്ദേഹത്തിന്റെ നയതന്ത്രജ്ഞത വിജയം കണ്ടിരുന്നു. ശീതകാല സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് വിദഗ്‌ദ്ധനായ ഫ്ളോർ മാനേജരെ നഷ്‌ടമാകുന്നത്. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനിടയിലാണ് ശീതകാല സമ്മേളനം എന്നും ഒാർക്കണം.
മോദി സർക്കാരിൽ ആദ്യം രാസ, രാസവള മന്ത്രിയായിരുന്ന അനന്തകുമാർ വെങ്കയ്യ നായിഡുവിൽ നിന്നാണ് പാർലമെന്റികാര്യ വകുപ്പ് ഏറ്റെടുക്കുന്നത്. വെങ്കയ്യ ഉപരാഷ്‌ട്രപതിയായി വെങ്കയ്യ സജീവ രാഷ്‌ട്രീയം വിട്ടപ്പോൾ പാർട്ടിയിലും സർക്കാരിലും ദക്ഷിണേന്ത്യൻ മുഖമായി അദ്ദേഹം മാറി.
എ.ബി.വി.പിയിലും യുവമോർച്ചയിലും പയറ്റിത്തെളിഞ്ഞ് 1987ൽ കർണാടക സംഘടനാ സെക്രട്ടറിയായി ബി.ജെ.പിയിലെത്തിയ അനന്തകുമാർ എൽ.കെ. അദ്വാനിയുടെ പ്രിയശിക്ഷ്യനായി പെട്ടെന്നു തന്നെ ദേശീയതലത്തിൽ ശ്രദ്ധനേടി. ദക്ഷിണേന്ത്യയിലെ ആദ്യ ബി.ജെ.പി സർക്കാരിനെ കർണാടകയിൽ അധികാരത്തിലെത്തിച്ചതിൽ വലിയ പങ്കു വഹിച്ചു. എന്നാൽ യെദിയൂരപ്പയുമായുള്ള ഭിന്നത സംസ്ഥാനത്ത് ഏറെ പ്രതിസന്ധികളുമുണ്ടാക്കി.
1996ൽ 37-ാം വയസിലാണ് ബാംഗ്ളൂർ സൗത്ത് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ആറുതവണ തുടർച്ചയായി ജയിച്ച അദ്ദേഹത്തെ മണ്ഡലം കൈവിട്ടില്ല. 1998ൽ സിവിൽ വ്യോമയാനം, ടൂറിസം, കായികം, സംസ്‌കാരം, നഗരവികസനം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതലയിൽ വാജ്‌പേയി സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി. 2004-2014 കാലത്ത് പ്രതിപക്ഷത്തിരുന്ന് പാർട്ടിക്കുള്ളിൽ ശക്തനായി. എൽ.കെ. അദ്വാനിക്ക് തിളക്കം നഷ്‌ടമായ 2014ൽ മറുകണ്ടം ചാടി മോദി പക്ഷക്കാരനായി പാർട്ടിയിൽ തലയെടുപ്പ് തുടർന്നു. ബി.ജെ.പി പാർലമെന്ററി ബോർഡ് സെക്രട്ടറി പദവും പിന്നീട് മന്ത്രിപദവും തേടിയെത്തി. കാൻസർ ബാധിതനായ കുമാർ ഇടയ്‌ക്ക് വിദേശത്തും ചികിത്സ തേടിയിരുന്നു.
റെയിൽവെ ജീവനക്കാരനായ നാരായൺ ശാസ്‌ത്രിയുടെയും ഗിരിജയുടെയും മകനായി 1959ൽ ഇടത്തരം ബ്രാഹ്‌മണ കുടുംബത്തിലാണ് ജനനം. അനന്തകുമാർ സ്ഥാപിച്ച അദമ്യ ചേതന എന്ന സന്നദ്ധ സംഘടന കർണാടകയിൽ പ്രശസ്‌തമാണ്. ഭാര്യ തേജസ്വിനിക്കാണ് ചുമതല. മക്കൾ: ഐശ്വര്യയും വിജേതയും.