sab
ശബരിമല

ന്യൂഡൽഹി/ തിരുവനന്തപുരം: ശബരിമല വിഷയത്തിലെ അന്തിമ തീർപ്പറിയാൻ എല്ലാ കണ്ണുകളും ഇന്ന് ഡൽഹിയിലേക്ക് ഉറ്റു നോക്കുകയാണ്. കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വംബോർഡും വിശ്വാസി സംഘടനകളും പ്രതിഷേധക്കാരും പൊതുജനങ്ങളും ഒരേപോലെ ആകാംക്ഷയോടെയും ഉത്കണ്ഠയോടെയും കാത്തിരിക്കുന്ന പകൽ.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന ഹർജികൾ ഇന്നാണ് സുപ്രീംകോടതി പരിശോധിക്കുക. വൈകിട്ട് മൂന്നിന് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് ഹർജികൾ പരിഗണിക്കുക. 49 പുനഃപരിശോധനാഹർജികളാണുള്ളത്. വിധി പറ‌ഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജി പരിശോധിക്കുന്നത്. അനുകൂല വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, വിയോജന വിധിയെഴുതിയ ജസ്റ്റിസ് ഇന്ദുമൽഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്. ഹർജികൾ ജഡ്ജിമാർ ചേംബറിൽ പരിശോധിക്കും. നേരിട്ടുള്ള വാദമില്ല. അഭിഭാഷകർക്കുൾപ്പെടെ പ്രവേശനമില്ല.

എൻ.എസ്.എസ്, തന്ത്രി കണ്ഠരര് രാജീവര്, പന്തളം കൊട്ടാരം നിർവാഹക സംഘം, പ്രയാർ ഗോപാലകൃഷ്ണൻ, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആൾ കേരള ബ്രാഹ്മണ ഫെഡറേഷൻ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നൽകിയിട്ടുള്ള 49 പുനഃപരിശോധനാ ഹർജികളാണ് പരിശോധിക്കുക. സീനിയർ അഭിഭാഷകനായ ശങ്കർ ഉദയ് സിംഗാണ് ബോർഡിന് വേണ്ടി കോടതിയിൽ ഹാജരാവുക. സുപ്രീംകോടതിയുടെ നിലപാടിൽ മാറ്രംവരാനുള്ള സാദ്ധ്യത നന്നെ കുറവാണെന്നാണ് നിയമവിദഗ്ദ്ധരുടെ പക്ഷം. ദേവസ്വം കമ്മിഷണർ എൻ. വാസുവും ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസൽമാരായ രാജ്മോഹൻ, ശശികുമാർ എന്നിവരും ഡൽഹിയിലുണ്ട്. ബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആര്യാമാ സുന്ദരത്തെ ചുമതലപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടു. 2009ൽ എൻ.എസ്.എസിന് വേണ്ടി ഇതേ കേസിൽ സുപ്രീംകോടതിയിൽ ഹാജരായതിനാലാണ് അദ്ദേഹം കേസിൽ നിന്നൊഴിഞ്ഞതെന്നാണ് ബോർഡ് നൽകുന്ന വിശദീകരണം. എന്നാൽ വിശ്വഹിന്ദു പരിഷത്തിന്റെ ഭാരവാഹി എസ്.ജെ.ആർ. കുമാറിന് വേണ്ടി ഇദ്ദേഹം ഹാജരാകുന്നുണ്ട്. ആര്യാമയുടെ പിന്മാറ്റത്തിന് പിന്നിൽ ചില ഹിന്ദുസംഘടനകൾക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നുവെന്നായിരുന്നു ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആദ്യ പ്രതികരണം.

നാല് റിട്ട് ഹർജികൾ രാവിലെ

ശബരിമല യുവതീ പ്രവേശനത്തിനെതിരെയുള്ള നാല് റിട്ട് ഹർജികൾ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസ്മാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് പരിഗണിക്കും. വി.എച്ച്.പി സംസ്ഥാന അദ്ധ്യക്ഷൻ എസ്.ജെ.ആർ. കുമാർ, ദേശീയ അയ്യപ്പ ഭക്ത അസോസിയേഷൻ പ്രസിഡന്റ് ശൈലജ വിജയൻ, തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകൻ ജി. വിജയകുമാർ, അഖില ഭാരതീയ മലയാളി സംഘ് എന്നിവരാണ് റിട്ട് ഹർജികൾ നൽകിയത്.

ശബരിമല മതേതര ക്ഷേത്രമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി : ജാതി മത ഭേദമെന്യേ വിശ്വാസികൾക്ക് ആരാധന നടത്താവുന്ന ക്ഷേത്രമാണ് ശബരിമലയെന്ന് ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ആദിവാസികളുടെ ആരാധനാലയമായിരുന്നെന്നും ബുദ്ധ ക്ഷേത്രമായിരുന്നെന്നും വാദങ്ങളുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ശബരിമലയിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ടി.ജി. മോഹൻദാസ് നൽകിയ ഹർജിയിൽ സർക്കാർ ഉന്നയിച്ച പ്രാഥമിക തടസവാദത്തിലാണ് ഇക്കാര്യം പറയുന്നത്. വിവിധ മതവിശ്വാസികൾ സന്നിധാനത്തെത്തി പ്രാർത്ഥിക്കുന്നുണ്ട്. സന്നിധാനത്തോടു ചേർന്നുള്ള വാവര് നടയിൽ മുസ്ളീങ്ങൾ പ്രാർത്ഥനയ്ക്കെത്താറുണ്ട്. തുടർന്ന് ശബരിമല ദർശനവും നടത്താറുണ്ട്. എരുമേലിയിലെ വാവര് പള്ളിയിൽ കയറി അയപ്പഭക്തർ പ്രാർത്ഥിക്കാറുണ്ട്. പ്രസിദ്ധമായ പേട്ടതുള്ളൽ തുടങ്ങുന്നത് വാവര് പള്ളിയിൽ നിന്നാണ്. അയ്യപ്പനെ പാടിയുറക്കാനുള്ള ഹരിവരാസനം ആലപിച്ചിരിക്കുന്നത് യേശുദാസാണ്. ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസ് അയ്യപ്പഭക്തനാണ്. അദ്ദേഹം ദർശനത്തിനെത്താറുണ്ട്. ക്രിസ്തുമത വിശ്വാസികളും മുസ്ളീങ്ങളും ശബരിമലയിൽ ദർശനത്തിനെത്തുന്നുണ്ട്. ആ നിലയ്ക്ക് മതേതര സ്വഭാവമുള്ള ക്ഷേത്രമാണ് ശബരിമലയെന്നും റവന്യു (ദേവസ്വം) അഡി. സെക്രട്ടറി എം. ഹർഷൻ രേഖാമൂലം നൽകിയ തടസവാദത്തിൽ പറയുന്നു. അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന ഹർജിയിൽ വഖഫ് ബോർഡ്, മുസ്ളിം സംഘടനകൾ, മറ്റു മത സംഘടനകൾ, ആദിവാസി സംഘടനകൾ തുടങ്ങിയവരുടെ വാദം കൂടി കേൾക്കണമെന്നും ഇതിനായി അവരെ കക്ഷി ചേർക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.