ന്യൂഡൽഹി: അനന്തകുമാറിന്റെ വിയോഗത്തിലൂടെ ഉറ്റമിത്രത്തെയും സഹപ്രവർത്തകനെയുമാണ് നഷ്‌ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ചെറുപ്പത്തിൽ രാഷ്‌ട്രീയത്തിലെത്തിയ വലിയ നേതാവായിരുന്നു അനന്തകുമാർ.
ശുഷ്കാന്തിയോടും ആർത്മാർത്ഥതയോടെയും പൊതുപ്രവർത്തനം നടത്തി. ചെയ്‌ത നല്ല പ്രവൃത്തികളിലൂടെ അനന്തകുമാർ എന്നും ഒാർമ്മിക്കപ്പെടുമെന്നും നരേന്ദ്രമോദി പറഞ്ഞു.
കെ.വി. തോമസ് എം.പി
രാഷ്‌ട്രീയത്തിന് അതീതമായി ബന്ധങ്ങൾ സ്ഥാപിച്ചിരുന്ന അനന്തകുമാറുമായി ദീർഘനാളായി അടുത്ത സുഹൃദ്‌ബന്ധമുണ്ട്. രാസവള മന്ത്രിയെന്ന നിലയിൽ കൊച്ചിയിലെ ഫാക്‌ടിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ അദ്ദേഹം ആത്‌മാർത്ഥമായ ശ്രമം നടത്തി. പ്രഗൽഭനായ സംഘാടകൻ, മികച്ച പാർലമെന്റേറിയൻ, ഭരണകർത്താവ് എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തി. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.
എൻ.കെ. പ്രേമചന്ദ്രൻ എംപി
മാന്യതയുടെയും മാനവികതയുടെയും മുഖമുള്ള മന്ത്രിയായിരുന്നു അനന്തകുമാർ. സാധാരണ പശ്‌ചാത്തലത്തിൽ വന്ന അദ്ദേഹം ഒരിക്കലും വന്ന വഴി മറന്നില്ല. ഭരണപ്രതിപക്ഷാംഗങ്ങളുടെ വിശ്വാസം ആർജ്ജിച്ച് സഭാ നടപടി നടത്തിക്കൊണ്ടുപോകാൻ മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്‌ചവച്ചു. സർക്കാരിനെതിരെ വരുന്ന വിമർശനങ്ങൾ സഹിഷ്‌ണുതയോടെ ഉൾക്കൊണ്ട് ക്രിയാത്മക നിർദ്ദേശങ്ങൾ അംഗീകരിക്കാൻ മനസുകാട്ടിയ നേതാവാണ്.
പി.ജെ.കുര്യൻ(മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ)
സഭാ ചട്ടങ്ങൾ പാലിക്കുന്ന മികച്ച പാർലമെന്റേറിയനായിരുന്നു അനന്തകുമാർ. രാജ്യസഭാ ഉപാദ്ധ്യക്ഷനും പാർലമെന്റികാര്യ മന്ത്രിയുമെന്ന ഞങ്ങൾ തമ്മിൽ ഒരിക്കലും തർക്കമുണ്ടായില്ല. മന്ത്രി എന്ന നിലയിൽ തുറന്ന സമീപനം സ്വീകരിച്ച ആളാണ്. അടുത്ത സുഹൃത്തായിരുന്നു. വിയോഗം രാജ്യത്തിനാകെ നഷ‌്ടമാണ്.