ന്യൂഡൽഹി: ഫ്രാൻസുമായുള്ള റാഫേൽ യുദ്ധ
വിമാനങ്ങളുടെ വിലവിവരങ്ങൾ മുദ്രവച്ച കവറിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചതായി അറിയുന്നു. പാർലമെന്റിൽപോലും വെളിപ്പെടുത്താത്ത വില വിവരങ്ങൾ കോടതിയെ അറിയിക്കാൻ കഴിയില്ലെന്നാണ് നേരത്തെ സർക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നത്.
മറ്റു വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിച്ചത് കരാറിനെ ചോദ്യം ചെയ്ത ഹർജിക്കാർക്ക് സുപ്രീം കോടതി നിർദേശ പ്രകാരം കേന്ദ്ര സർക്കാർ കൈമാറുകയും ചെയ്തു.
ആംആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗ് , മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺഷൂരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, എം.എൽ ശർമ്മ, വിനീത് ധൻഡെ എന്നിവരാണ് റാഫേൽ ഇടപാടിൽ ക്രമക്കേട് ആരോപിച്ച് പൊതുതാത്പര്യ ഹർജി നൽകിയത്. ഹർജി ബുധനാഴ്ച പരിഗണിക്കും.
300 കോടിക്ക് മുകളിലുള്ള പ്രതിരോധ സാമഗ്രി വാങ്ങൽ കരാറിൽ ഓഫ്സൈറ്റ് ഉപാധി 2005 മുതൽ തുടരുന്നു. കരാറിൽ ഒരു സ്വകാര്യ സ്ഥാപനത്തെ പങ്കാളിയാക്കാൻ പരാമർശമില്ല.
നാലാം വർഷമാണ് ഓഫ്സൈറ്റ് പങ്കാളിത്തം. സാങ്കേതിക വിദ്യ കൈമാറൽ, ആഭ്യന്തര ഉത്പന്നങ്ങൾ വാങ്ങൽ, തുടങ്ങിയവ കരാറിന്റെ ഭാഗമാണ്.
വിമാന നിർമ്മാണ കമ്പനിയായ ഡസാൾട്ടിന് ഇന്ത്യൻ ഓഫ്സൈറ്റ് പങ്കാളിയെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. 2017ലാണ് ഡസാൾട്ടും റിലയൻസ് ഡിഫൻസും സംയുക്ത സംരംഭത്തിന് കരാറിലെത്തിയത്. ഇത് രണ്ട് കമ്പനികൾ തമ്മിലുള്ള വാണിജ്യകാരാറാണ്. റിലയൻസിനെ ഓഫ്സൈറ്റ് പങ്കാളിയാക്കിയതിൽ സർക്കാരിന് പങ്കില്ല.
സത്യവാങ്മൂലം
യുദ്ധവിമാനങ്ങളുടെ കുറവ് നികത്താനാണ് 36 പൂർണ സജ്ജമായ റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്.
യു.പി.എ സർക്കാർ 2013ൽ രൂപം നൽകിയ പ്രതിരോധ സംഭരണ നടപടിക്രമങ്ങൾ പാലിച്ചു
നിരവധി പ്രശ്നങ്ങളാൽ എച്ച്.എ.എല്ലുമായുള്ള കരാർ അന്തിമരൂപത്തിലെത്തിയിരുന്നില്ല.
2015 മേയിൽ ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ അനുമതി ലഭിച്ചിരുന്നു.
കേന്ദ്ര സുരക്ഷാകാര്യകാബിനറ്റ് കമ്മിറ്റി കൂടിയാലോചനയ്ക്ക് നിയോഗിച്ച സമിതി ഫ്രഞ്ച് സർക്കാരുമായി ഒരു വർഷത്തോളം ചർച്ച നടത്തി. ഇതിനായി 74 യോഗങ്ങൾ ചേർന്നു.
ആഗസ്റ്റ് 24ന് കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി