sabarimala-women-entry-

ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാതെ നിലനിറുത്തിക്കൊണ്ട് പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും തുറന്ന കോടതിയിൽ ജനുവരി 22ന് വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.

പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന ഹർജിക്കാരുടെ ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുടെ ബെഞ്ചിന്റെ നടപടി. ഹർജികൾ തുറന്ന കോടതിയിൽ ഉചിതമായ ബെഞ്ച് കേൾക്കും. സെപ്തംബർ 28ലെ വിധിക്ക് സ്റ്റേ ഇല്ലെന്ന് ഉത്തരവിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

49 പുനഃപരിശോധനാ ഹർജികളും നാല് റിട്ട് ഹർജികളുമാണ് സുപ്രീംകോടതിക്ക് മുൻപിലുള്ളത്. രാവിലെ റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവർ കോടതി മുറിയിൽ പരിഗണിച്ചെങ്കിലും വൈകിട്ട് ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ പുനഃപരിശോധനാഹർജികൾ പരിശോധിക്കുന്ന സാഹചര്യത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കാനാണ് തീരുമാനമെങ്കിൽ അതോടൊപ്പവും അല്ലെങ്കിൽ സ്വതന്ത്രമായും റിട്ട് ഹർജികൾ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ബെഞ്ചിൽ മാറ്റമുണ്ടാകാൻ ഇടയില്ല

ഇന്നലെ ചേംബറിൽ പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച അതേ ജസ്റ്റിസുമാരുടെ ബെഞ്ചായിരിക്കും ജനുവരി 22നും തുറന്ന കോടതിയിൽ വാദം കേൾക്കുക. ബെഞ്ചിലെ ഏതെങ്കിലും ഒരംഗം സ്വമേധയാ പിൻമാറിയാൽ മാത്രമേ പകരം പുതിയ ഒരാൾ വരാനുള്ള സാദ്ധ്യതയുള്ളൂ.


അസാധാരണം
സാധാരണഗതിയിൽ പുനഃപരിശോധനാഹർജികളിൽ ചേംബറിൽ തന്നെ തീരുമാനമെടുക്കാറാണ് ചെയ്യാറുള്ളത്. ഈ കേസിൽ വിധി പുനഃപരിശോധിക്കണമോയെന്നത് തുറന്നകോടതിയിൽ വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞിരിക്കുന്നത് അസാധാരണമാണ്. വിധി ചോദ്യം ചെയ്ത് നൽകിയ ഹർജികൾ നൽകിയവർക്ക് തങ്ങളുടെ വാദം തുറന്ന കോടതിയിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഈ വാദം കേട്ടശേഷം മാത്രമേ പുനഃപരിശോധിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുകയുള്ളൂ. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയതിനാൽ സെപ്തംബർ 28ലെ വിധിയാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്.

പി.ഡി.ടി. ആചാരി
ലോക്സഭാ മുൻ സെക്രട്ടറി ജനറൽ, നിയമവിദഗ്ദ്ധൻ