ന്യൂഡൽഹി: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം നടപടികളിൽ സുതാര്യത ഉറപ്പുവരുത്താനാണെന്ന് നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചേംബറിൽ പരിഗണിച്ച ശേഷം തുറന്ന കോടതിയിലേക്ക് പുനഃപരിശോധനാ ഹർജി മാറ്റുന്നത് അപൂർവമാണ്. ഇതോടെ സെപ്‌തംബർ 28ന് സാങ്കേതികമായി അടഞ്ഞ കേസ് വീണ്ടും തുറന്ന് വാദങ്ങൾക്ക് വിധേയമാകാൻ അവസരമൊരുങ്ങി.
പുതിയ ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് സെപ്‌തംബറിൽ വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്നില്ല. അന്നത്തെ ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകിയ ജസ്‌റ്റിസ് ദീപക് മിശ്ര വിരമിച്ച ഒഴിവിൽ ചീഫ് ജസ്‌റ്റിസ് പദവിയിലെത്തിയ ആളാണ് അദ്ദേഹം. ജസ്‌റ്റിസ് ദീപക് മിശ്ര, ജസ്‌റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, രോഹിന്റൻ നരിമാൻ എന്നിവർ യുവതി പ്രവേശത്തെ അനുകൂലിച്ച ഭൂരിപക്ഷ വിധിയും ഏക വനിതാ ജഡ്‌ജ് ജസ്‌റ്റിസ് ഇന്ദു മൽഹോത്ര വിയോജന വിധിയുമാണ് പുറപ്പെടുവിച്ചത്. തുറന്ന കോടതിയിൽ കേസ് കേൾക്കണമെന്ന അപേക്ഷ കഴിഞ്ഞ ദിവസം ചീഫ് ജസ്‌റ്റിസ് തള്ളിയിരുന്നു. ഭരണഘടനാ ബെഞ്ചിലെ പുതിയ അംഗമായ ചീഫ് ജസ്‌റ്റിസ് ചേംബറിൽ കേസ് വിശദമായി ചർച്ച ചെയ്യണമെന്ന് തീരുമാനിച്ചെന്ന് വ്യക്തമാണ്. ചേംബറിലെ നടപടിക്രമങ്ങൾ പാലിച്ച ശേഷം കേസിന്റെ പ്രാധാന്യം മനസിലാക്കി തുറന്ന കോടതിയിലേക്ക് മാറ്റുകയാണ് ഭരണഘടനാ ബെഞ്ച് ചെയ്‌തത്. സെപ്‌തംബറിലെ വിധിക്കു ശേഷം ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ ശ്രമിച്ചപ്പോഴുള്ള സംഘർഷവും മറ്റ് സംഭവ വികാസങ്ങളും പരിഗണിച്ചിരിക്കാമെന്നും നിയമവിദഗ്‌ദ്ധർ പറയുന്നു.
തുറന്ന കോടതിയിലെ വാദം സുതാര്യതയ്ക്ക്
തുറന്ന കോടതിയിലെ വാദങ്ങൾക്ക് ശേഷം പുനഃപരിശോധനാ ഹർജി തള്ളുകയാണെങ്കിൽ ചേംബറിൽ എടുക്കുന്ന തീരുമാനത്തെക്കാൾ സുതാര്യത കൈവരുമെന്നാണ് നിയമവിദഗ്‌ദ്ധരുടെ പക്ഷം. തുറന്ന കോടതിയിൽ കേസ് വീണ്ടും കേൾക്കുമ്പോൾ ബന്ധപ്പെട്ട കക്ഷികൾക്ക് വീണ്ടും വാദങ്ങൾ നിരത്താനുള്ള അവസരമുണ്ടാകും. ഫലത്തിൽ കേസ് വീണ്ടും തുറക്കപ്പെടുന്നു. കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനഃപരിശോധിക്കാനുള്ള ഹർജി തുറന്ന കോടതിയിൽ കേൾക്കാൻ തീരുമാനിച്ച ബെഞ്ചിലും ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അംഗമായിരുന്നു. സംസ്ഥാന സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് തുറന്ന കോടതിയിൽ കേട്ടത്. പക്ഷേ പുനഃപരിശോധനാ ഹർജി തള്ളി.