ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ റിലയൻസിനെ ഒാഫ് സെറ്റ് പങ്കാളിയാക്കാനുള്ള തീരുമാനം തങ്ങളുടേതാണെന്ന് ഡസോൾട്ട് ഏവിയേഷൻ മേധാവി എറിക് ടാപ്പിയർ ആവർത്തിച്ചു. കോൺഗ്രസ് ഉന്നയിച്ച അഴിമതി ആരോപണങ്ങൾ നിഷേധിച്ച ടാപ്പിയർ റിലയൻസിന് സാമ്പത്തിക നേട്ടമില്ലെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കേന്ദ്രസർക്കാർ പറഞ്ഞു പറയിപ്പിച്ച പ്രസ്‌താവനയാണ് ടാപ്പിയറിന്റേതെന്ന് കോൺഗ്രസ് പ്രതികരിച്ചു.
മറ്റ് 30 പങ്കാളികൾക്കൊപ്പമാണ് റിലയൻസിനെ തിരഞ്ഞെടുത്തത്. അത് ഡസോൾട്ടിന്റെ തീരുമാനമായിരുന്നു. ഇന്ത്യൻ സർക്കാർ ഇടപെട്ടിട്ടില്ല. മുൻപ് പറഞ്ഞ കാര്യം ആവർത്തിച്ച ടാപ്പിയർ താൻ കള്ളം പറയുകയാണെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണവും തള്ളി. ഈ പദവിയിലിരുന്ന് കള്ളം പറയേണ്ട ആവശ്യമില്ല. ഇടപാട് സംബന്ധിച്ച് പറഞ്ഞതെല്ലാം സത്യമാണ്. ഇപ്പോൾ ഉയരുന്ന വിവാദങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാകാമെന്നും ടാപ്പിയർ ചൂണ്ടിക്കാട്ടി. വിവാദങ്ങൾ അഭ്യന്തര രാഷ്‌ട്രീയ യുദ്ധത്തിന്റെ ഭാഗമാകാം. തിരഞ്ഞെടുപ്പ് സമയത്ത് അത് സ്വാഭാവികമാണ്. എന്നാൽ വസ്‌തുതകൾ പ്രധാനമാണ്. റാഫേൽ ഇടപാട് സുതാര്യമാണ്. ഇന്ത്യൻ വ്യോമസേന ഇടപാടിനെ സ്വാഗതം ചെയ്‌തു.
തനിക്കും കമ്പനിക്കുമെതിരെ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങളിൽ വിഷമുണ്ടെന്നും ടാപ്പിയർ പറഞ്ഞു. 1953ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്. വ്യോമസേനയ്‌ക്ക് പണ്ടുമുതൽ വിമാനങ്ങൾ നൽകുന്നത് ഡസോൾട്ടാണ്.
ഡസോൾട്ടും റിലയൻസും ചേർന്ന സംയുക്ത കമ്പനിയാണ് നിലവിലുള്ളത്. കമ്പനിയിലേക്കാണ് ഡസോൾട്ട് പണം നിക്ഷേപിക്കുന്നത്. റിലയൻസിന് നേരിട്ട് പണം നൽകുന്നില്ല. പ്രതിരോധ രംഗത്ത് ഡസോൾട്ടിനുല്ള അനുഭവസമ്പത്ത് കമ്പനി ഉപയോഗപ്പെടുത്തുന്നു. കമ്പനിയിൽ റിലയൻസിന്റെ നിക്ഷേപം മാത്രമാണ് വരുന്നത്.
എച്ച്.എ.എല്ലുമായി സഹകരിക്കാൻ ഡസോൾട്ടിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. 126 വിമാനങ്ങളുടെ ഇടപാട് ഇന്ത്യൻ സർക്കാർ 36ആയി ചുരുക്കിയപ്പോൾ റിലയൻസിനെ ഒപ്പം കൂട്ടാനാണ് കമ്പനി തീരുമാനിച്ചത്. ഒാഫ്സെറ്റ് പങ്കാളിയാകാൻ താത്‌പര്യമില്ലെന്ന് എച്ച്.എ.എൽ അറിയിച്ചിരുന്നു. റിലൻസിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം തന്റേതായിരുന്നുവെന്നും ടാപ്പിയർ വിശദീകരിച്ചു. ഇപ്പോഴത്തെ കരാർ യുദ്ധവിമാനങ്ങൾക്കുമാത്രമാണെന്നും ആയുധങ്ങൾ ഉൾപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിശദീകരണം വിലപ്പോകില്ല: കോൺഗ്രസ്
ദസാൾട്ട് മേധാവി എറിക് ടാപ്പിയറുടെ വിശദീകരണം റാഫേൽ കുംഭകോണം മറയ്‌ക്കാൻ പര്യാപ്‌തമല്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല പറഞ്ഞു. അത് കേന്ദ്രസർക്കാർ നിർബന്ധിച്ച് പറയിപ്പിച്ചതാണെന്നും അദ്ദേഹംപറഞ്ഞു. ഒന്നിച്ച് നേട്ടമുണ്ടാക്കിയവരും ഒന്നിച്ച് ആരോപണം നേരിടുന്നവരും നടത്തുന്ന വിശദീകരണം വിലപ്പോകില്ല. അവർക്ക് സ്വന്തം കേസിൽ വിധിപ്രസ്‌താവിക്കാൻ കഴിയില്ല. സത്യം അതിന്റെ വഴിക്ക് പുറത്തുവരിക തന്നെ ചെയ്യും.
റാഫേൽ ഇടപാടിൽ കളവു പറഞ്ഞ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി സുപ്രീംകോടതിയിൽ സമ്മതിച്ചെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു. ഇടപാടിൽ വ്യോമസേനയുടെ അഭിപ്രായം തേടിയില്ലെന്നും റിലയൻസിന് 30,000കോടി രൂപ നൽകിയെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ വ്യക്തമായെന്നും രാഹുൽ ചൂണ്ടിക്കാട്ടി.