ഹർജികൾ വിധി പറയാനായി മാറ്റി
വ്യോമ സേനാ വൈസ് മാർഷലിനെ കോടതി വിളിച്ചു വരുത്തി
ന്യൂഡൽഹി: ദസാൾട്ട് കമ്പനിയുമായുള്ള റാഫേൽ യുദ്ധവിമാന കരാറിന് ഫ്രഞ്ച് സർക്കാരിന്റെ പൂർണ ഗാരന്റി ഇല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. അതേസമയം ദസാൾട്ട് കരാർ നിറവേറ്റുമെന്ന് കത്ത് ഫ്രഞ്ച് സർക്കാർ കൈമാറിയിട്ടുണ്ടെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു
റാഫേൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം എടുത്ത പ്രക്രിയയെ ചോദ്യം ചെയ്‌തും കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടും സമർപ്പിച്ച ഹർജികളുടെ വാദത്തിനിടയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. വാദം പൂർത്തിയാക്കിയ കോടതി വിധി പറയാനായി മാറ്റി.
മൂന്നര മണിക്കൂറോളം നീണ്ട വാദത്തിൽ നിർണായകമായ ഇടപെടലാണ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി , ജസ്റ്റിസ്‌മാരായ എസ്.കെ കൗൾ, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ച് നടത്തിയത്. എയർവൈസ് മാർഷൽ വി.ആർ ചൗധരിയെയും രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തിയാണ് കോടതി വിശദാംശങ്ങൾ തേടിയത്.
126 വിമാനങ്ങൾ വാങ്ങാനുള്ള ആദ്യത്തെ കരാർ നിലനിൽക്കെ 36 വിമാനങ്ങൾ വാങ്ങാൻ 2015 ഏപ്രിലിൽ പുതിയ കരാർ പ്രധാനമന്ത്രി പ്രഖ്യാപിച്ചതെങ്ങനെ, കരാറിലെ ഇന്ത്യൻ പങ്കാളിയെ ( റിലയൻസ് ഡിഫൻസ് ) സംബന്ധിച്ച മാനദണ്ഡങ്ങൾ മാറ്റിയത് എന്തുകൊണ്ട്, ഇന്ത്യൻ പങ്കാളി വിമാന നിർമ്മാണത്തിൽ പരാജയപ്പെട്ടാൽ ഇന്ത്യയുടെ താത്പര്യം എങ്ങനെ സംരക്ഷിക്കപ്പെടും തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. ഇന്ത്യൻ പങ്കാളി കരാർ പാലിച്ചില്ലെങ്കിൽ ദസാൾട്ട് കമ്പനി പിഴ നൽകേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി കോടതിയെ അറിയിച്ചു.
റാഫേൽ ഇടപാട് വിദഗ്ദ്ധരാണ് വിലയിരുത്തേണ്ടതെന്നും കോടതി പരിശോധിക്കേണ്ട വിഷയമല്ലെന്നും അറ്റോർണി ജനറൽ നിലപാടെടുത്തു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും വിലവിവരം പുറത്തുപോയാൽ ശത്രുക്കൾ ദുരുപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. വിലയെക്കുറിച്ച് ഇപ്പോൾ വാദം വേണ്ടെന്ന് ചീഫ്ജസ്റ്റിസ് വ്യക്തമാക്കി..
മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺഷൂരി, അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ തുടങ്ങിയവരാണ് ഹർജികൾ നൽകിയത്.
ആദ്യ കരാർ പാലിച്ചിരുന്നെങ്കിൽ 2019 ഏപ്രിൽ ആകുമ്പോഴേക്ക് 18 വിമാനങ്ങളെങ്കിലും ഇന്ത്യയ്‌ക്ക് കിട്ടുമായിരുന്നെന്നും പുതിയ കരാർ മൂന്ന് വർഷമായിട്ടും ഒറ്റ വിമാനം പോലും എത്തിയിട്ടില്ലെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി
റാഫേൽ വിമാനത്തെക്കുറിച്ച് എയർഫോഴ്സ് ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ടറിയണമെന്ന് രാവിലെ ചീഫ്ജസ്റ്റിസ് ആവശ്യപ്പെട്ടു. മന്ത്രാലയത്തിലെ ഉന്നതർ കോടതിയിലുണ്ടെന്ന് അറ്റോർണി മറുപടി നൽകി. വ്യോമസേനയുടെ കാര്യങ്ങൾ ഉദ്യോഗസ്ഥനല്ല വിശദീകരിക്കേണ്ടതെന്നായിരുന്നു ചീഫ്ജസ്റ്റിസിന്റെ മറുപടി. തുടർന്ന് ഉച്ചയ്ക്ക് ശേഷം എയർവൈസ് മാർഷൽ വി.ആർ ചൗധരിയും രണ്ടു ഉദ്യോഗസ്ഥരും കോടതിയിലെത്തി. രഹസ്യസാങ്കേതിക വിദ്യയുള്ള അഞ്ചാം തലമുറ വിമാനങ്ങളാണ് സേനയ്ക്ക് ആവശ്യം. അതുകൊണ്ടാണ് റാഫേൽ തിരഞ്ഞെടുത്തതെന്ന് അവർ വ്യക്തമാക്കി.