മോദി സർക്കാരിന്റെ അവസാന സമ്പൂർണസമ്മേളനം
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 11മുതൽ ജനുവരി എട്ടുവരെ നടത്താൻ പാർലമെന്റികാര്യ മന്ത്രിതല സമിതി തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന സമ്പൂർണ സമ്മേളനമായിരിക്കുമിത്.
നവംബർ അവസാന വാരം തുടങ്ങേണ്ട സമ്മേളനം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഡിസംബറിലേക്ക് മാറ്റിയത്. 2019ൽ പൊതുതിരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന അവസാനത്തെ സമ്പൂർണ സമ്മേളനമെന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരിയിലെ ബഡ്‌ജറ്റ് സമ്മേളനം വോട്ട് ഒാൺ അക്കൗണ്ട് പാസാക്കി പിരിയാനാണ് സാദ്ധ്യത. ശീതകാല സമ്മേളനം തുടങ്ങുന്ന ഡിസംബർ 11നാണ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമിഫൈനലായി കണക്കാക്കപ്പെടുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ശീതകാല സമ്മേളനത്തിൽ പ്രതിഫലിച്ചേക്കും. റാഫേൽ ഇടപാട്, വിലക്കയറ്റം, കർഷക പ്രതിഷേധം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും സർക്കാരിന് നേരിടേണ്ടി വരും.
അവസാന സമ്പൂർണ സമ്മേളനത്തിൽ മുത്തലാഖ്, മെഡിക്കൽ കൗൺസിൽ ഭേദഗതി തുടങ്ങിയ പാർലമെന്റി അവതരിക്കപ്പെട്ട നിർണായക ബില്ലുകൾ പാസാക്കേണ്ടതുണ്ട്. പുതിയ ബില്ലുകൾ അവതരിപ്പിക്കാനുമുണ്ട്. കഴിഞ്ഞ സമ്മേളനം വരെ ഇരുസഭകളിലും സർക്കാരിനെ സഹായിച്ച പാർലമെന്റികാര്യ മന്ത്രി അനന്തകുമാറിന്റെ വിയോഗം സർക്കാരിന് ബുദ്ധിമുട്ടാകും. പാർലമെന്ററികാര്യ വകുപ്പിന്റെ ചുമതല നരേന്ദ്ര സിംഗ് തോമറിന് നൽകിയിട്ടുണ്ട്. നവംബറിൽ തുടങ്ങാറുള്ള ശീതകാല സമ്മേളനം തുടർച്ചയായ രണ്ടാം വർഷമാണ് ഡിസംബറിലേക്ക് നീളുന്നത്. 2017ൽ ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകൾ മൂലം ഡിസംബർ 15ന് തുടങ്ങി ജനുവരി അഞ്ചുവരെയാണ് സമ്മേളനം നടന്നത്.