sc

 മറ്റ് സംസ്ഥാനങ്ങളിൽ കുടിയേറി സംവരണം അവകാശപ്പെടാനാവില്ല

ന്യൂഡൽഹി: പട്ടികജാതിക്കാർക്ക് മറ്റൊരു സംസ്ഥാനത്ത് ജാതി സംവരണാനുകൂല്യത്തിന് അർഹതയില്ലെന്ന് സുപ്രീംകോടതി വീണ്ടും വ്യക്തമാക്കി. പട്ടികജാതിയിലുള്ള ഒരാൾ വിവാഹശേഷവും മറ്റും അതേ ജാതി പട്ടികവിഭാഗമായ മറ്റൊരു സംസ്ഥാനത്ത് കുടിയേറിയാൽ അവിടത്തെ സംവരണ ആനുകൂല്യം ലഭിക്കില്ലെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ്‌മാരായ യു.യു ലളിത്, കെ.എം ജോസഫ് എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

പട്ടികജാതി സംവരണം ജനിച്ച സംസ്ഥാനത്ത് മാത്രമാണ് ബാധകമാകുകയെന്ന സുപ്രീംകോടതിയുടെ മുൻകാല വിധികൾ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

പഞ്ചാബിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് കുടിയേറിയ വാത്മീകി ജാതിയിൽപ്പെട്ട രഞ്ജന കുമാരിയുടെ ഹർജിയാണ് കോടതി തള്ളിയത്. രണ്ടിടത്തും പട്ടികജാതിയാണ് വാത്മീകി സമുദായം. ഉത്തരാഖണ്ഡിലെ വാത്മീകി യുവാവിനെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കിയ രഞ്ജനകുമാരി ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ സംവരണ ഒഴിവിലേക്ക് അപേക്ഷിച്ചു. മറ്റൊരു സംസ്ഥാനത്തെ പട്ടികജാതിക്കാർക്ക് ഉത്തരാഖണ്ഡിൽ സംവരണത്തിന് അർഹതയില്ലെന്ന് കാട്ടി പി. എസ്. സി അപേക്ഷ നിരസിച്ചു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സംവരണം ജന്മസംസ്ഥാനത്ത് മാത്രമാണെന്ന് വ്യക്തമാക്കി തള്ളി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.