tm

ന്യൂഡൽഹി: പ്രശസ്ത കർണാടക സംഗീതജ്ഞൻ ടി.എം കൃഷ്ണയുടെ സംഗീത പരിപാടി പ്രധാന സംഘാടകരായ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ ഉപേക്ഷിച്ചത് വിവാദമായി. ടി.എം കൃഷ്ണയെ ദേശവിരുദ്ധനെന്ന് വിളിച്ച് സംഘപരിവാർ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതിഷേധിച്ചതോടെയാണ് പിന്മാറ്റമെന്നാണ് ആരോപണം.

17ന് ഡൽഹി ചാണക്യപുരിയിലെ നെഹ്റു പാർക്കിൽ സംഘടിപ്പിക്കുന്ന 'ഡാൻസ് ആൻഡ് മ്യൂസിക് ഇൻ ദ പാർക്ക് " പരിപാടിയിൽ നിന്നാണ് ടി.എം കൃഷ്ണയുടെ കച്ചേരി ഒഴിവാക്കിയത്. എയർപോർട്ട് അതോറിറ്റിയും സാംസ്‌കാരിക സംഘടനയായ സ്പിക് മാകെയുമാണ് സംഘാടകർ. ചടങ്ങിന്റെ പോസ്റ്റർ കൃഷ്ണയും എയർപോർട്ട് അതോറിറ്റിയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ടി.എം കൃഷ്ണ ദേശവിരുദ്ധൻ, അർബൻ നക്സൽ, അള്ളാഹുവിനും ജീസസിനും വേണ്ടി പാടുന്നവൻ തുടങ്ങിയ കമന്റുകളും പോസ്റ്റുകളുമായി സംഘപരിവാർ രംഗത്തെത്തി.മന്ത്രിമാരായ സുരേഷ് പ്രഭു, പീയുഷ് ഗോയൽ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരെ ടാഗ് ചെയ്തായിരുന്നു പ്രതിഷേധം.തുടർന്ന് പരിപാടി മാറ്റുകയായിരുന്നു.

അതേസമയം സാങ്കേതിക കാരണങ്ങളാൽ കൃഷ്ണയുടെ പരിപാടി മറ്റൊരുദിവസത്തേക്ക് മാറ്റിവച്ചതാണെന്നും സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണം കൊണ്ടല്ല തീരുമാനമെന്നുമാണ് എയർപോർട്ട് അതോറിറ്റി പറയുന്നത്. 17ന് ഡൽഹിയിൽ എവിടെ വേദി കിട്ടിയാലും കച്ചേരി അവതരിപ്പിക്കുമെന്നും ഭീഷണികൾക്ക് വഴങ്ങില്ലെന്നും ടി.എം കൃഷ്ണ പ്രതികരിച്ചു.

പിന്തുണയുമായി ആം ആദ്മി സർക്കാർ

കൃഷ്ണയുടെ പരിപാടി സംഘടിപ്പിക്കാമെന്ന് ഡൽഹിയിലെ ആം ആദ്മി സർക്കാർ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ടി.എം കൃഷ്ണയെ ബന്ധപ്പെട്ടു. സമയവും സ്ഥലവും തീരുമാനമായാൽ പ്രഖ്യാപിക്കുമെന്നും സർക്കാർ അറിയിച്ചു.