ന്യൂഡൽഹി: മാദ്ധ്യമ പ്രവർത്തനത്തിൽ വിശ്വാസ്യത അനിവാര്യമാണെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.
വികസനോൻമുഖ റിപ്പോർട്ടിംഗിനുള്ള പ്രസ് കൗൺസിലിന്റെ ദേശീയ അവാർഡ് കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുജനസമ്മതി സ്വരൂപിക്കുന്നിടത്താണ് മാദ്ധ്യമ വിജയം. അഭിപായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് മാത്രം പ്രവർത്തിക്കാനാകില്ല. കച്ചവട താത്പര്യക്കാരുടെ തള്ളിക്കയറ്റം യഥാർത്ഥ മാദ്ധ്യമ പ്രവർത്തനത്തെ ചോദ്യം ചെയ്യുന്നതാണ്. സ്വാതന്ത്ര്യാനന്തര കാലത്തും സർക്കാർ മാദ്ധ്യമ നിയന്ത്രണം നടപ്പാക്കിയിരുന്നു. സമൂഹമാദ്ധ്യമങ്ങളുടെ ഈ കാലത്ത് അടിയന്തരാവസ്ഥ വീണ്ടും പ്രഖ്യാപിച്ചാലും സെൻസറിംഗ് നടപ്പാക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ജയ്‌റ്റ്ലി പറഞ്ഞു.
സമഗ്രസംഭാവനയ്‌ക്കുള്ള രാജാറാം മോഹൻറോയ് അവാർഡ് മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ഹിന്ദു ദിനപത്രം ചെയർമാനുമായ എൻ.റാമിന് നൽകി.
'ജീവൻ രക്ഷയിലും കച്ചവടം' എന്ന പേരിൽ കേരളകൗമുദി പ്രസിദ്ധീകരിച്ച പരമ്പരയ്‌ക്കാണ് 50,000രൂപയും ഫലകവും അടങ്ങിയ അവാർഡ് വി.എസ്. രാജേഷിന് ലഭിച്ചത്. പരമ്പരയുടെ അടിസ്ഥാനത്തിൽ സ്‌റ്റെന്റുകളുടെ വില കേന്ദ്ര സർക്കാർ ഗണ്യമായി കുറച്ചിരുന്നു.
റൂറൽ റിപ്പോർട്ടിംഗ്, മികച്ച കാർട്ടൂൺ, സ്‌പോർട്സ് റിപ്പോർട്ടിംഗ് അവാർഡുകളും വിതരണം ചെയ്‌തു.
മാദ്ധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം അപലപനീയമാണെന്ന് അദ്ധ്യക്ഷത വഹിച്ച പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ ചെയർമാൻ ജസ്‌റ്റിസ് ചന്ദ്രകുമാർ മൗലി പ്രസാദ് പറഞ്ഞു. മാദ്ധ്യമ സ്വാതന്ത്ര്യം സ്വയം നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലാകണം. ദൃശ്യമാദ്ധ്യമങ്ങൾ അക്കാര്യം ശ്രദ്ധിക്കണം. സ്വന്തം തെറ്റുകൾ തിരുത്താനും മാദ്ധ്യമങ്ങൾക്ക് ബാദ്ധ്യതയുണ്ട്.ഡിജിറ്റൽ സാങ്കേതിവിദ്യയുടെ ലോകത്ത് മാദ്ധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൂറി അദ്ധ്യക്ഷൻ അമർ ദേവുലപ്പള്ളി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസ്‌കൗൺസിൽ സെക്രട്ടറി അനുപമ ഭട്ട്നഗർ നന്ദിപറഞ്ഞു.