alok-verma

 വർമ്മയുടെ മറുപടി ലഭിച്ച ശേഷം തീരുമാനമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സി.ബി.ഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താന ഉന്നയിച്ച അഴിമതിയുൾപ്പടെയുള്ള ആരോപണങ്ങളിൽ സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയ്ക്ക് ക്ലീൻ ചിറ്റ് നൽകാതെ കേന്ദ്ര വിജിലൻസ് കമ്മിഷൻ റിപ്പോർട്ട്. ചില ആരോപണങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്നതാണ് റിപ്പോർട്ടെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കി. വർമ്മയുടെ മറുപടി തിങ്കളാഴ്ച സമർപ്പിക്കാനാവശ്യപ്പെട്ട ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ച് ഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

കേന്ദ്രവിജിലൻസ് കമ്മിഷണർ കെ.വി ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് നവംബർ 12നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്.

ചില ആരോപണങ്ങളിൽ സ്തുതർഹ്യം, ചിലതിൽ അത്ര സ്തുതർഹ്യമല്ല, മറ്റുചിലതിൽ ഒട്ടും സ്തുതർഹ്യമല്ല, ചിലതിൽ കൂടുതൽ അന്വേഷണം വേണം - വർമ്മയ്ക്കെതിരായ കമ്മിഷന്റെ കണ്ടെത്തലുകൾ നാലു വിഭാഗമായി തിരിച്ച് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയി വ്യക്തമാക്കി. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച റിട്ട.ജഡ്ജി എ.കെ പട്നായിക്കും റിപ്പോർട്ട് നൽകിയിട്ടുണ്ട്.

അസ്താനയ്ക്ക് റിപ്പോർട്ട് നൽകില്ല

.......................

സി.വി.സി അന്വേഷണ റിപ്പോർട്ട് അലോക് വർമ്മ, അറ്റോർണി ജനറൽ, സോളിസിറ്റർ ജനറൽ എന്നിവർക്ക് മുദ്രവച്ച കവറിൽ നൽകാൻ കോടതി ഉത്തരവിട്ടു. മറുപടി ലഭിച്ചശേഷം ഉചിതമായ തീരുമാനമെടുക്കുമെന്ന് വർമ്മയുടെ അഭിഭാഷകനായ ഫാലി എസ്.നരിമാനോട് കോടതി വ്യക്തമാക്കി. റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കാൻ അറ്റോർണിയുടെയും സോളിസിറ്ററിന്റെയും ഓഫീസുകൾക്ക് കർശന നിർദ്ദേശമുണ്ട്. റിപ്പോർട്ടിന്റെ കോപ്പി വേണമെന്ന രാകേഷ് അസ്താനയുടെ ആവശ്യം കോടതി തള്ളി.

അതേസമയം കേന്ദ്രസർക്കാരോ കേസിലെ മറ്റുകക്ഷികളോ ഇപ്പോൾ മറുപടി നൽകേണ്ടതില്ല. ഇടക്കാല ഡയറക്ടർ എം. നാഗേശ്വരറാവു എടുത്ത പ്രധാന തീരുമാനങ്ങളുടെ പട്ടിക കൈമാറിയിട്ടില്ലെന്നും ചീഫ്ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

' ആൻഡമാൻ നല്ല സ്ഥലമാണ് '

.................................

ഇടക്കാല ഡയറക്ടർ എം.നാഗേശ്വരറാവു ആൻഡമാനിലെ പോർട്ട്ബ്ലെയറിലേക്ക് സ്ഥലംമാറ്റിയ സി.ബി.ഐ ഉദ്യോഗസ്ഥൻ എ.കെ ബസിയുടെ ഹർജി ചൊവ്വാഴ്ച കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ' ' ആൻഡമാൻ പോകാൻ പറ്റിയ നല്ല സ്ഥമാണെ'ന്ന് ഈ ആവശ്യം പരിഗണിക്കവെ ചീഫ് ജസ്റ്റിസ് തമാശരൂപേണ പറഞ്ഞു. സി.ബി.ഐ ഡയറക്ടറെ മാറ്റുമ്പോൾ ഉന്നതാധികാര സമിതിയുടെ അനുമതി തേടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുനഖാർഗെയ്ക്ക് വേണ്ടി കബിൽ സിബൽ കോടതിയെ അറിയിച്ചു. അതുകൊണ്ട് ഖാർഗെയുടെ ഭാഗം കൂടി കേൾക്കണമെന്നും സിബൽ ആവശ്യപ്പെട്ടു.