ന്യൂഡൽഹി: എയർപോർട്ട് അതോറിട്ടി ഉപേക്ഷിച്ചതോടെ വിവാദമായ പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണയുടെ കച്ചേരി ഡൽഹിയിലെ ആംആദ്മി സർക്കാർ ഇന്ന് സംഘടിപ്പിക്കും. വൈകിട്ട് ഡൽഹി സാകേതിലെ ഗാർഡൻ ഒഫ് ഫൈവ് സെൻസസിൽ വൈകിട്ട് 6.30നാണ് കച്ചേരി.
എയർപോർട്ട് അതോറിട്ടിയും സാംസ്കാരിക സംഘടനയായ സ്പിക് മകെയും ചാണക്യപുരിയിലെ നെഹ്റു പാർക്കിൽ ഇന്ന് സംഘടിപ്പിക്കാൻ തീരുമാനിച്ച 'ഡാൻസ് ആൻഡ് മ്യൂസിക് ഇൻ ദ പാർക്ക് " പരിപാടിയിൽ നിന്നാണ് ടി.എം.കൃഷ്ണയുടെ കച്ചേരി ഒഴിവാക്കിയത്. ദേശവിരുദ്ധനെന്ന് വിളിച്ച് സംഘപരിവാർ പ്രവർത്തകർ സോഷ്യൽമീഡിയയിലൂടെ പ്രതിഷേധിച്ചതോടെയാണ് അതോറിട്ടി പിന്മാറിയതെന്ന് ആരോപണം ശക്തമായിരുന്നു. ശനിയാഴ്ച ഡൽഹിയിൽ എവിടെ വേദി കിട്ടിയാലും പാടുമെന്ന് ടി.എം.കൃഷ്ണ പ്രഖ്യാപിച്ചതോടെയാണ് ഡൽഹി സർക്കാർ മുന്നോട്ടുവന്നത്. വേദിയൊരുക്കാൻ തയാറാണെന്ന് ജെ.എൻ.യു വിദ്യാർത്ഥി യൂണിയനും അറിയിച്ചിരുന്നു.
കലയുടെയും കലാകാരന്മാരുടെയും അന്തസ് സംരക്ഷിക്കുക ഏറെ പ്രാധാന്യമുള്ള കാര്യമാണെന്ന് സാംസ്കാരിക വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
സംഘപരിവാർ ഭീഷണിയിൽ 2015ൽ മുംബയിൽ പാക് ഗായകൻ ഗുലാംഅലിയുടെ പരിപാടി ഉപേക്ഷിച്ചപ്പോഴും കേജ്‌രിവാൾ സർക്കാർ അത് ഏറ്റെടുത്ത് ഡൽഹിയിൽ നടത്തിയിരുന്നു.