sabaraimala-issue

ന്യൂഡൽഹി:രാജ്യത്തെ ഹിന്ദുസമുദായത്തെ ഏകോപിപ്പിച്ച് വോട്ടുകൾ സ്വരൂപിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനൊപ്പം ശബരിമലയിലെ യുവതീ പ്രവേശനവും ദേശീയ തലത്തിൽ പ്രചാരണ വിഷയമാക്കും. ഡൽഹിയിൽ ചേർന്ന ബി.ജെ.പിയുടെയും ആർ.എസ്. എസിന്റെയും ഉന്നത നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ശബരിമല വിഷയം ഏറ്റെടുത്തത് വഴി കേരളത്തിൽ വിശ്വാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നതിലൂടെ കേരളത്തിലെ സി.പി.എം സർക്കാർ ഹിന്ദു മതവിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന പ്രചാരണമാകും മുഖ്യമായും നടത്തുക. യുവതീപ്രവേശനം തടയാൻ ബി.ജെ.പിയുടെ നേതൃത്വത്തിൽ സംഘപരിവാർ സംഘടനകൾ നടത്തുന്ന ശ്രമങ്ങളും ഉയർത്തിക്കാട്ടും. വർഷങ്ങളായി തുടരുന്ന ആചാരത്തെയും വിശ്വാസത്തെയും തകർക്കാൻ കോൺഗ്രസും കൂട്ടുനിൽക്കുന്നുവെന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ അടക്കം പ്രചരിപ്പിക്കും. യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിലപാടും ഉയർത്തിക്കാട്ടും.

ശബരിമല യുവതീപ്രവേശനം ഇതുവരെ കേരളത്തിൽ മാത്രമായി ഒതുക്കുകയായിരുന്നു ബി.ജെ.പിയും ആർ.എസ്.എസും. വരും ദിവസങ്ങളിൽ കേരളത്തിന് പുറത്തും വ്യാപകമായി ചർച്ചയാക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. ശബരിമലയുടെ പ്രാധാന്യം ഉത്തരേന്ത്യയിലെ നേതാക്കൾ ഉൾക്കൊണ്ടിട്ടില്ല. ദേശീയ വക്താക്കൾ പോലുംഇതിൽ പ്രസ്‌‌താവനകൾ നടത്തിയിട്ടില്ല. എന്നാൽ വരും ദിവസങ്ങളിൽ ശബരിമലയുടെ പ്രാധാന്യവും യുവതീ പ്രവേശനം സ‌ഷ്‌ടിക്കുന്ന വിശ്വാസ ലംഘനവും ചൂണ്ടിക്കാട്ടി ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ പരസ്യ പ്രസ്‌താവനകൾ നടത്തും. നാമജപ പ്രതിഷേധ ജാഥകളും സംഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്.

ശബരിമല വിഷയം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള പ്രസ്‌താവിച്ചത് ഡൽഹി യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്.