yechury

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബി.ജെ.പിയുടെ രാഷ്‌ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണ് ഇന്നലെ നടത്തിയ ഹർത്താലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ശബരിമല തീർത്ഥാടകരെ ബുദ്ധിമുട്ടിച്ച് ഹർത്താൽ നടത്തിയതിലൂടെ ബി.ജെ.പി വിശ്വാസവിരുദ്ധരാണെന്ന് പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തെയും ഭക്തിയെയും ബി.ജെ.പി രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് ഉപയോഗിക്കുന്നത്.

ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഹർജി നൽകുന്നത് ശബരിമല ക്ഷേത്രത്തിൽ എത്തുന്ന സ്‌ത്രീകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ സമയം തേടിയാണ‌്. ശബരിമലയിൽ ഇപ്പോൾ സ്‌ത്രീകൾക്ക് ആവശ്യമായ പ്രാഥമിക സൗകര്യങ്ങളില്ല. അവ സജ്ജീകരിക്കാൻ സമയം ആവശ്യമാണ്. കോടതി വിധി സ്‌റ്റേ ചെയ്യാനോ പുനഃപരിശോധിക്കാനോ ആവശ്യപ്പെടുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.

ത്രിപുരയിൽ ഭരണകക്ഷിയായ ബി.ജെ.പി പ്രതിപക്ഷത്തിനു നേരെ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ബി.ജെ.പിക്കാർ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ മണിക് സർക്കാരിന്റെ യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. നിരവധി പ്രവർത്തകർക്ക് മർദ്ദനമേറ്റു. ദക്ഷിണ ത്രിപുര ജില്ലാ പരിഷത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ ഹിമാൻഷു റോയിയെ ബി.ജെ.പി ഗുണ്ടകൾ ആക്രമിച്ചുവെന്നും പി.ബി പത്രക്കുറിപ്പിൽ പറയുന്നു.