ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്താൻ വേഷം മാറി രഹസ്യമായി വീണ്ടും എത്തുമെന്ന് സാമൂഹ്യപ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് സംഘടനയുടെ നേതാവുമായ തൃപ്‌തി ദേശായ് പ്രഖ്യാപിച്ചു. കൊച്ചി വിമാനത്താവളത്തിലെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിയ തൃപ്‌തി മുംബയിൽ തിരിച്ചെത്തിയ ശേഷം അറിയിച്ചതാണിത്. യുവതി പ്രവേശനം നടപ്പാക്കുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടെന്നും അവർ പറഞ്ഞു.
ശബരിമലയിൽ ദർശനം നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല. കഴിഞ്ഞ ദിവസം കേരളത്തിൽ പോയത് എല്ലാവരെയും അറിയിച്ച ശേഷമാണ്. അടുത്ത തവണ ഗറില്ലാമുറയിൽ വേഷം മാറി രഹസ്യമായിട്ടായിരിക്കും യാത്ര. സുരക്ഷ ഒരുക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നമുണ്ടാക്കേണ്ട എന്നു കരുതിയാണ് കൊച്ചി വിമാനത്താവളത്തിലെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിയത്. കൊച്ചി വിമാനത്താവളത്തിൽ പ്രതിഷേധക്കാർ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചു. തിരിച്ചുപോകാൻ ഭീഷണിപ്പെടുത്തി. പ്രശ‌്നമുണ്ടാക്കാതെ മടങ്ങണമെന്ന് പൊലീസും ആവശ്യപ്പെട്ടു.
വിമാനത്താവളത്തിൽ നിന്ന് ശബരിമലയിൽ എത്തിക്കാൻ സന്നദ്ധരായി രണ്ട് ഒാൺലൈൻ ടാക്‌സികൾ തയ്യാറായതാണ്. കാർ തകർക്കുമെന്ന ഭീഷണിയെ തുടർന്ന് അവർ പിൻമാറി. വിമാനത്താവളത്തിൽ പ്രതിഷേധക്കാരുടെ ഗുണ്ടാവിളയാട്ടമാണ് കണ്ടത്. അയ്യപ്പ ഭക്‌തർക്ക് യോജിച്ച രീതിയിൽ ആയിരുന്നില്ല അവരുടെ പ്രതിഷേധം. ശകാരവർഷവും ഭീഷണിയും കൊണ്ടാണ് ഞങ്ങളെ നേരിട്ടത്. നിലയ്ക്കൽ എത്തിയിരുന്നെങ്കിൽ ദർശനം നടത്താതെ ഞാൻ മടങ്ങില്ലെന്ന് അവർക്ക് അറിയാം. പുറത്തു കടക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം.