vasu

ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെയ്‌ക്കെതിരെ ജാൽഡാപാടൻ മണ്ഡലത്തിൽ നിന്ന് മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗിന്റെ മകനും എം.എൽ.എയുമായ മാനവേന്ദ്രസിംഗ് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. മാനവേന്ദ്രസിംഗ് അടുത്തിടെയാണ് കോൺഗ്രസിൽ ചേർന്നത്.

ഡിസംബർ 7ന് തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലേക്കുള്ള ഇന്നലെ പ്രഖ്യാപിച്ച 32പേരുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയിലാണ് മാനവേന്ദ്രസിംഗിന്റെ പേരുള്ളത്. 2013ൽ ബാർമർ മണ്ഡലത്തിൽ ബി.ജെ.പി ടിക്കറ്റിൽ ജയിച്ച മാനവേന്ദ്രസിംഗ് കഴിഞ്ഞ സെപ്തംബറിലാണ് ബി.ജെ.പി വിട്ടത്. താമര ചിഹ്‌നത്തിൽ വീണ്ടും മത്സരിക്കുന്നത് അബദ്ധമാണെന്നും പറഞ്ഞു. ടിക്കറ്റ് നൽകിയതിലൂടെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആദരിച്ചെന്നും ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിറവേറ്റുമെന്നും മാനവേന്ഗ്രസിംഗ് ഇന്നലെ പറഞ്ഞു. മാനവേന്ദ്രസിംഗിന്റെ പിതാവ് ജസ‌്‌വന്ത് സിംഗിന് 2014ൽ സ്വന്തം മണ്ഡലമായ ബാർമറിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. പാർട്ടിയെ ധിക്കരിച്ച് സൊണാറാമിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തന്റെ പിതാവിനോട് ബി.ജെ.പി കാണിച്ച അവഹേളനത്തിന് രജ്‌പൂത് ആധിപത്യമുള്ള ബാർമർ, ജലൗർ, ജയ്സാൽമീർ, ജോധ്പൂർ എന്നിവിടങ്ങളിലെ വോട്ടർമാർ പ്രതികാരം ചോദിക്കുമെന്ന് മാനവേന്ദ്രസിംഗ് പറഞ്ഞു.

മറ്റാരെയും കിട്ടാത്തതുകൊണ്ടാണ് മറ്റൊരു മണ്ഡലത്തിൽ മത്സരിപ്പിക്കാനിരുന്ന മാനവേന്ദ്രസിംഗിനെ തനിക്കെതിരെ മത്സരിപ്പിക്കുന്നത്. മണ്ഡലത്തിൽ വ്യക്തികൾ തമ്മിൽ അല്ല, രാജസ്ഥാനും ഝൽവാറും തമ്മിലാണ് പോരാട്ടം

- വസുന്ധരാജെ സിന്ധ്യ

മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ കോൺഗ്രസ്

ഭാരതീയ ജനതാപാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു ജസ്‌വന്ത് സിംഗ്.

രാജസ്ഥാനിലെ ബാർമറിലായിരുന്നു ജനനം. ഇന്ത്യൻ ഡിഫൻസ് അക്കാഡമിയിലായിരുന്നു പഠനം. 1960കളിൽ കരസേന ഉദ്യോഗസ്ഥനായി. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. 1996ൽ വാജ്പേയിയുടെ നേതൃത്വത്തിൽ 13 ദിവസം മാത്രം നിലനിന്ന സർക്കാരിൽ കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്നു. വാജ്പേയി മന്ത്രിസഭകളിൽ പിന്നീട് വിദേശകാര്യം, പ്രതിരോധ വകുപ്പുകൾ കൈകാര്യം ചെയ്തു.

എന്നാൽ 2009 ൽ പുറത്തിറങ്ങിയ 'ജിന്ന- ഇന്ത്യ, പാർട്ടിഷ്യൻ, ഇൻഡിപെൻഡൻസ്" എന്ന സിംഗിന്റെ പുസ്തകം ബി.ജെ.പിയെ ചൊടിപ്പിച്ചു. പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയെക്കുറിത്തുള്ള പരാമർശമാണ് വിവാദമായത്. തുടർന്ന് 2009ൽ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. 2014ലും ബി.ജെ.പി സീറ്റ് നിഷേധിച്ച അദ്ദേഹം നിലവിൽ അപകടത്തെ തുടർന്ന് കോമയിലാണ്. ഇക്കുറി ബി.ജെ.പിക്കുള്ള മറുപടിയുമായി കോൺഗ്രസ് ടിക്കറ്റിലെത്തുകയാണ് മകൻ മാനവേന്ദ്രസിംഗ്