മദ്ധ്യപ്രദേശിൽ ബി.ജെ.പി പ്രകടന പത്രിക
ന്യൂൽഡഹി: മധ്യപ്രദേശിൽ നാലാം തവണയും അധികാരത്തിൽ വന്നാൽ 10ലക്ഷം പേർക്ക് തൊഴിലും 12-ാം ക്ളാസിൽ ഉയർന്ന മാർക്കു നേടുന്ന പെൺകുട്ടികൾക്ക് സ്‌കൂട്ടറും വാഗ്‌ദാനം ചെയ്യുന്ന പ്രകടന പത്രിക ബി.ജെ.പി പുറത്തിറക്കി. ദൃഷ്‌ടിപത്ര എന്ന പേരിലുള്ള പ്രകടന പത്രിക മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനും കേന്ദ്രമന്ത്രി അരുൺ ജയ്‌റ്റ്ലിയും ചേർന്നാണ് പുറത്തിറക്കിയത്.
പാവപ്പെട്ടവർക്കുള്ള ക്ഷേമ പദ്ധതികൾ അടക്കം കഴിഞ്ഞ മൂന്നുവർഷം നടപ്പാക്കി വരുന്ന വികസന നയം തുടരുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. 10ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിന് പുറമെ സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനവും പത്രിക ഉറപ്പു നൽകുന്നു. നർമ്മദ എക്‌സ്‌പ്രസ് ഹൈവേ, ചമ്പാ എക്‌സ്പ്രസ് ഹൈവേ, ഗ്വാളിയോറിലും ജബൽപൂരിലും മെട്രോ റെയിൽ സർവ്വീസ്, സംസ്ഥാനത്ത് ഒരു മിനി സ്‌മാർട്ട് സിറ്റി എന്നീ വാഗ്‌ദാനങ്ങളമുണ്ട്. 75 ഏക്കറിന് മുകളിലുള്ള കർഷകർക്ക് 265രൂപ ബോണസ് നൽകും. 12-ക്ളാസ് പരീക്ഷയിൽ 75ശതമാനത്തിന് മുകളിൽ മാർക്കു നേടുന്ന പെൺകുട്ടികൾക്ക് സ്‌കൂട്ടി നൽകുമെന്നതാണ് മറ്റൊരു വാഗ്‌ദാനം. രാഷ്‌ട്രീയ അജണ്ടകൾക്ക് മധ്യപ്രദേശിൽ സ്ഥാനമില്ലെന്നും ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പു നൽകുന്ന വികസന അജണ്ടയാണ് നടപ്പാക്കുന്നതെന്നും അരുൺ ജയ്‌റ്റ്ലി പറഞ്ഞു. 2003വരെ ഭരിച്ച കോൺഗ്രസ് സംസ്ഥാനത്തെ നശിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
230 നിയമസഭാ സീറ്റുകളിലേക്ക് നവംബർ 28ന് തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിനായി കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനം വ്യക്തമാക്കുന്ന പ്രകടന പത്രികയാണ് പുറത്തിറക്കിയത്. അദ്ധ്യാത്‌മിക വിഷയൾക്കായി പ്രത്യേകം വകുപ്പ്, രാമായണവുമായി ബന്ധപ്പെടുത്തി രാംപഥ് നിർമ്മാണം, സംസ്‌കൃതം ഭാഷയ്‌ക്ക് പ്രോത്സാഹനം, പശുമൂത്രം, ചാണകം എന്നിവയിൽ നിന്ന് വ്യാവസായിക ഉൽപന്നങ്ങൾ തുടങ്ങിയവ പത്രികയിലുണ്ട്.