kejriwal

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളുമായി നിരന്തരം കലഹിച്ച ചീഫ്സെക്രട്ടറി അൻഷു പ്രകാശിനെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ അഡിഷണൽ സെക്രട്ടറിയായി നിയമിച്ചു. ശനിയാഴ്ചയാണ് പഴ്സണൽ ആൻഡ് ട്രെയിനിംഗ് വിഭാഗം ചീഫ്സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി പുതിയ നിയമനം നൽകി ഉത്തരവിറക്കിയത്. കേജ്‌രിവാൾ സർക്കാരും അൻഷുപ്രകാശും തമ്മിലുള്ള തർക്കം ഡൽഹിയിൽ ഭരണസ്തംഭനത്തിലേക്കും ആംആദ്മി സർക്കാരും കേന്ദ്രവുമായുള്ള തുറന്ന ഏറ്റമുട്ടലിലേക്കും വഴിവച്ചിരുന്നു.

ഫെബ്രുവരിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ യോഗത്തിനെത്തിയ തന്നെ കേജ്‌രിവാളിന്റെ നേതൃത്വത്തിൽ എം.എൽ.എമാർ മർദ്ദിച്ചെന്ന് അൻഷു പ്രകാശ് ആരോപിച്ചിരുന്നു. തുടർന്ന് ചീഫ്സെക്രട്ടറിക്ക് അനുഭാവം പ്രകടിപ്പിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥർ സർക്കാരിനെതിരെ നിസഹകരണ സമരവും നടത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ മന്ത്രിമാർ ലെഫ്റ്റനന്റ് ഗവർണർ ഓഫീസിൽ ദിവസങ്ങളോളം നടത്തിയ കുത്തിയിരിപ്പ് സമരം ദേശീയ ശ്രദ്ധനേടിയിരുന്നു.

അൻഷുപ്രകാശ് നൽകിയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, 11 ആംആദ്മി എം.എൽ.എമാർ എന്നിവർക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം നൽകിയിട്ടുണ്ട്.

1986 ബാച്ച് അരുണാചൽ, ഗോവ, മിസോറാം, കേന്ദ്രഭരണപ്രദേശ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അൻഷു പ്രകാശ്.

ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി മനോജ് പരിദ പുതിയ ചീഫ് സെക്രട്ടറിയായേക്കും. ഡൽഹി കൃഷി സഹകരണ,കർഷക ക്ഷേമ അഡിഷണൽ സെക്രട്ടറി ജലജ് ശ്രീവാസ്തവയെ കേന്ദ്രഉൾനാടൻ ജലഗതാഗത അഡിഷണൽ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.