പരസ്യപ്രചാരണം അവസാനിച്ചു
ന്യൂഡൽഹി: ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചത്തീസഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചാരണം അവസാനിച്ചു. 19 ജില്ലകളിലായി 72 മണ്ഡലങ്ങളിൽ നാളെ പോളിംഗ് നടക്കും. 24 മണ്ഡലങ്ങളുള്ള ബിലാസ്‌പുർ മേഖല ഭരണം പിടിക്കാൻ നിർണായകമാണ്. ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് സ്വാധീനമുള്ള ഈ മേഖലയിൽ മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അജിത് ജോഗിയുടെ ജനതാ കോൺഗ്രസ്, മായാവതിയുടെ ബി.എസ്.പി സഖ്യം കോൺഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയാണ്. ഇവിടെ 10 സീറ്റിൽ ബി.എസ‌്.പിയും ബാക്കി ജോഗിയുടെ പാർട്ടിയുമാണ‌് മത്സരിക്കുന്നത‌്. അഞ്ച് ജില്ലകളുൾപ്പെടുന്ന ബിലാസ്‌പുർ മേഖലയിൽ 2013ൽ ബി.ജെ.പി 12 , കോൺഗ്രസ് 11 സീറ്റുകൾ നേടി. ബി.എസ്.പി ഒരു സീറ്റും.
മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളുൾപ്പെടുന്ന 18 മണ്ഡലങ്ങളിൽ നവംബർ 12നാണ് തിരഞ്ഞെടുപ്പ് നടന്നത്. 70ശതമാനം പോളിംഗ് രേഖപ്പെടുത്തി.
സോണിയയ്ക്ക് വേണ്ടി സീതാറാം കേസരിയെ മാറ്റി: മോദി
..............................................................................................
സോണിയാ ഗാന്ധിക്ക് പ്രസിഡന്റാവാൻ വേണ്ടിയാണ് ദളിത് നേതാവായ സീതാറാം കേസരിയെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് മാറ്റിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. സോണിയയെ പുതിയ പ്രസിഡന്റാക്കാനായി സീതാറം കേസരിക്ക് അഞ്ചുവർഷം പദവിയിൽ അനുവദിച്ചില്ല. ചത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
'റിമോട്ടിലൂടെ നിയന്ത്രിക്ക'പ്പെട്ടതാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ കേന്ദ്രസർക്കാരുകളെന്നും മോദി പരിഹസിച്ചു. ഒരു കുടുംബത്തിന് മാത്രമാണ് കോൺഗ്രസ് ഭരണത്തിൽ നേട്ടമുണ്ടായത്. രാജ്യത്തിന് ഒരു നേട്ടവുമുണ്ടായിട്ടില്ല. ഗാന്ധി കുടുംബത്തിൽ നിന്ന് പുറത്തുള്ള യോഗ്യനായ ഒരാളെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് അഞ്ചുവർഷം നിയോഗിക്കാൻ മോദി വീണ്ടും വെല്ലുവിളിച്ചു.
1996 മുതൽ 98 വരെയാണ് സീതാറാം കേസരി കോൺഗ്രസ് അദ്ധ്യക്ഷനായത്. 1998 മുതൽ 2017 വരെയായിരുന്നു സോണിയ പദവിയിലിരുന്നത്.
കർഷക കടങ്ങൾ എഴുതിതള്ളും: രാഹുൽ
.......................................................
സംസ്ഥാനത്ത് അധികാരത്തിലേറി പത്തുദിവസത്തിനകം കർഷക കടങ്ങൾ എഴുതിതള്ളുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി രമൺസിംഗും കർഷക കടങ്ങൾ എഴുതിതള്ളുമെന്ന് വാഗ്‌ദാനം നൽകിയതും ചത്തീസ്ഗഡിലെ റാലികളിൽ സംസാരിക്കവെ രാഹുൽ വ്യക്തമാക്കി. റാഫേൽ ഇടപാടിൽ പരസ്യ സംവാദത്തിന് കഴിഞ്ഞദിവസം രാഹുൽ മോദിയെ വെല്ലുവിളിച്ചിരുന്നു.