ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച വിധി നടപ്പാക്കാൻ സാവകാശം തേടി തിരുവിതാംകൂർ ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ ഹർജി നൽകി. വിധിയെ തുടർന്നുള്ള ക്രമസമാധാന പ്രശ്നങ്ങളും പ്രളയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ തകർന്നതും കണക്കിലെടുത്ത് യുവതീ പ്രവേശനം നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കണം. സ്ത്രീ സുരക്ഷയ്ക്കാണ് പ്രധാന പരിഗണന. ഇപ്പോഴത്തെ സാഹചര്യത്തിൽ അധികസൗകര്യങ്ങളൊരുക്കാൻ കഴിയാത്ത സ്ഥിതിയാണ്. വിധി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും നിലവിൽ പ്രായോഗികബുദ്ധിമുട്ടുകളുണ്ടെന്നും ദേവസ്വം ബോർഡ് ഹർജിയിൽ വ്യക്തമാക്കുന്നു.
ബോർഡ് ഹർജിയിൽ പറഞ്ഞത്
യുവതീപ്രവേശന വിധിക്കെതിരെ ചിലയാളുകളും രാഷ്ട്രീയപാർട്ടികളും ശക്തമായ നിലപാടെടുത്തത് ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിച്ചു
തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷ സമയത്തും യുവതികൾ ക്ഷേത്ര പ്രവേശനത്തിന് ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് നടന്നില്ല. അവിടെ നടന്ന വിളയാട്ടവും കൈയേറ്റവും മാദ്ധ്യമങ്ങളിൽ ആവർത്തിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
ശബരിമല ദർശനത്തിനായി ഇതിനകം രജിസ്റ്റർ ചെയ്തത് ആയിരം സ്ത്രീകൾ
സുരക്ഷയൊരുക്കിയിട്ടും സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതും തടയുന്നതും തുടരുകയാണ്
പ്രളയത്തിൽ പമ്പയിലും പരിസരങ്ങളിലും അടിസ്ഥാനസൗകര്യങ്ങൾ തകർന്നു. കെട്ടിടങ്ങൾ, ടോയ്‌ലറ്റുകൾ, തീർത്ഥാടകർക്കുള്ള ഷെൽട്ടറുകൾ തുടങ്ങിയവ ഏറക്കുറെ ഇല്ലാതായി.
പമ്പാ തീരത്ത് സ്ഥിരം കെട്ടിടങ്ങൾ നിർമ്മിക്കുന്നത് സുപ്രീംകോടതി ഉന്നതാധികാര സമിതി വിലക്കിയതിനാൽ ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും സമയക്കുറവ് മൂലം നടന്നിട്ടില്ല
സ്ത്രീകൾക്ക് സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ റെസ്റ്റ്റൂമുകളും വാഷ്റൂമുകളും ഒരുക്കാൻ കൂടുതൽ സമയം വേണം.
ഉന്നതാധികാര സമിതി നിർമ്മാണത്തിന് ഉന്നയിച്ച എതിർപ്പിൽ സുപ്രീംകോടതി അന്തിമ തീർപ്പ് കല്പിക്കാത്തതിനാൽ സൗകര്യങ്ങളൊരുക്കാൻ ഇപ്പോൾ സാധിക്കാത്ത അവസ്ഥയാണ്.