election

ഇന്ത്യയിൽ തിരഞ്ഞെടുപ്പുകളെന്നാൽ അനുമാനങ്ങളും ആവേശവും ആഘോഷങ്ങളുമാണ്. ജയം ലക്ഷ്യമിട്ടുള്ള പ്രായോഗിക രാഷ്‌ട്രീയത്തിൽ ആശയങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളില്ല. പുതിയ വിഷയങ്ങളും ആനുകാലിക പ്രശ്‌നങ്ങളുമാണ് തിരഞ്ഞെടുപ്പുകളിലെ ചർച്ചാ വിഷയം. കൂടാതെ അനേകം തിരഞ്ഞെടുപ്പുകളിലൂടെ കടന്നുപോയ ഇന്ത്യൻ വോട്ടർമാർ ഏറെ പക്വതയും കൈവരിച്ചു. അവർക്ക് രാഷ്‌ട്രീയവും തങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളും അറിയാം. ആരെയാണ് കൊള്ളേണ്ടതെന്നറിയാം. ഒരുപരിധിക്കപ്പുറം ആർക്കും വശീകരിക്കാനാകില്ല. നന്നായി ഭരിക്കാൻ കഴിയുന്നവരെ തിരഞ്ഞടുക്കാൻ കഴിവുള്ളവരാണ് ചെറുപ്പക്കാരടക്കമുള്ള വോട്ടർമാർ.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ 2019ലേക്കുള്ള വാതായനമാണെന്നും സെമിഫൈനലുകളെന്നും വിശേഷിപ്പിക്കാറുണ്ട്. അതിൽ കാര്യമുണ്ടോ. ഇന്ത്യൻ വോട്ടർമാർ പൊതുതിരഞ്ഞെടുപ്പിനെയും സംസ്ഥാന തിരഞ്ഞെടുപ്പിനെയും വേർതിരിച്ചറിയാൻ കഴിവുള്ളവരാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഒരാളെ മുൻനിറുത്തി ഒരു നേതാവിനു കീഴിൽ പോരാടുന്ന രീതിയിലേക്ക് തിരഞ്ഞെടുപ്പ് രീതി മാറാൻ തുടങ്ങിയിരിക്കുന്നു. രാജസ്ഥാനിൽ വസുന്ധര-സച്ചിൻ പൈലറ്റ് (ഫലങ്ങൾ കോൺഗ്രസിന് അനുകൂലമെങ്കിൽ അശോക് ഗെലോട്ടിനും സാദ്ധ്യത), മധ്യപ്രദേശിൽ ശിവ്‌രാജ് സിംഗ് ചൗഹാൻ-ജ്യോതിരാദിത്യ സിന്ധ്യ(കോൺഗ്രസിന് അനുകൂലമെങ്കിൽ സിന്ധ്യയ്ക്ക് ഭീഷണിയായി കമൽനാഥും), ഛത്തീസ്ഗഡിൽ രമൺ സിംഗ്-അജിത് ജോഗി, തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവു-കോദണ്ഡരാം എന്നതാണ് പോരാട്ടമുഖം.

ഏറെ കൗതുകകരമായ വസ്‌തുത ഇവിടെയെല്ലാം ദേശീയ വിഷയങ്ങളെ അപ്രധാനമാക്കി അഭ്യന്തരവിഷയങ്ങൾ മേൽക്കൈ നേടുന്നു എന്നതാണ്. അഞ്ചുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഒരുദേശീയ നേതാവിന്റെയും നിഴൽ ആകാതെ തങ്ങളുടേതായ കർമ്മമണ്ഡലത്തിൽ സ്വയം ഇടം കണ്ടെത്തി വളർന്നു വലുതായവരാണ്. കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാന തിരഞ്ഞെടുപ്പുകളുടെ ഗതിയും മാറി. നല്ലതു ചെയ്യുന്ന സർക്കാരുകളെ ജനം വീണ്ടും അധികാരത്തിലേറ്റി. അതായത് പ്രകടനമാണ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ അടിസ്ഥാനം.

മറ്റൊരു പ്രത്യേകത മൂന്ന് സംസ്ഥാനങ്ങളിൽ (രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീഗസ്ഗഡ്) ബി.ജെ.പി സർക്കാരാണ്. രണ്ടിടത്ത് അവർ തുടർച്ചയായി മൂന്നുതവണ അധികാരത്തിലേറി. തെലങ്കാനയിലൊഴികെ നാലിടത്തും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നേരിട്ടാണ് മത്സരം. രണ്ട് ദേശീയ പാർട്ടികൾക്കും അവിടങ്ങളിൽ നേട്ടത്തിനും കോട്ടത്തിനും അവസരങ്ങളുമുണ്ട്.

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച ചോദ്യങ്ങൾ ഇവയാണ്: അവ 2019ന്റെ ഗതി നിർണയിക്കുമോ? രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ മനസിലാക്കും വിധം വോട്ടർമാർ വളർന്നോ. അവർക്ക് ഈ തിരഞ്ഞെടുപ്പുകളുടെ പ്രാധാന്യം അറിയുമോ. ഒാരോ തിരഞ്ഞെടുപ്പും അവർ വേറിട്ട് കാണുമോ. തിരഞ്ഞെടുപ്പുകൾ രാജ്യത്തിന്റെ മൊത്തം അവസ്ഥയിലേക്കുള്ള ചൂണ്ടുപലകയാകുമോ?

2014ലെ തിരഞ്ഞെടുപ്പ് മോദിയും മറ്റുള്ളവരും തമ്മിലുള്ള പോരാട്ടമായിരുന്നെങ്കിൽ 2019 വരുമ്പോഴും അതിന് മാറ്റം വരുത്താൻ തക്കതായ ഒരു നേതാവിനെ പ്രതിപക്ഷത്തിന് ലഭിച്ചിട്ടില്ല. ഒരു നേതാവിന് കീഴിൽ. ഒരു ഒറ്റക്കെട്ടായി നിൽക്കാൻ കഴിയാതെ ചിതറിയ അവസ്ഥയിലാണവർ. മോദി വിരുദ്ധ പ്രതിപക്ഷകൂട്ടായ്മയുടെ യോഗ്യനായ നേതാവിലേക്ക് രാഹുൽ ഗാന്ധിക്ക് ഉയരാനായിട്ടുമില്ല. പ്രധാന പ്രതിപക്ഷകക്ഷികളായ തൃണമൂൽ, ഡി.എം.കെ. ബി.എസ്.പി എന്നിവ രാഹുലിനെ അവരുടെ നേതാവായി അംഗീകരിച്ചിട്ടില്ല. അതാത് സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ താത്പര്യങ്ങളും ദേശീയ തലത്തിലെ ആഗ്രഹങ്ങളും മനസിലിട്ട് പല തട്ടിലാണവർ.

കർണാടക, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മറ്റു ചില ഉപതിരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടെങ്കിലും മോദിയുടെ ജനപ്രിയതയ്‌ക്ക് കോട്ടം തട്ടിയിട്ടില്ല. ജി.എസ്.ടി, നോട്ട് നിരോധനം എന്നിവ ബുദ്ധിമുട്ട് സൃഷ്‌ടിച്ചെങ്കിലും അവ തങ്ങൾക്കു വേണ്ടി ആയിരുന്നുവെന്ന് ചിന്തിക്കാനും മോദിയുടെ ഉദ്യേശ്യശുദ്ധി മനസിക്കാനും സാധാരണക്കാരന് കഴിയുന്നുണ്ട്. അതിനാൽ ശക്തമായ പ്രതിപക്ഷനിരയുടെ അഭാവത്തിൽ മോദി 2014ലെ പ്രകടനം 2019ലും ആവർത്തിക്കാനാണ് സാദ്ധ്യത.

അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ആരു ജയിക്കുമെന്ന് ആഴ്‌ചകൾക്കുള്ളിൽ അറിയാം. പക്ഷേ ജയം ആരുടേതായാലും അതിന് 2019ലെ പൊതുതിരഞ്ഞെടുപ്പിനുമേൽ വലിയ സ്വാധീനമുണ്ടാക്കില്ല. കാരണം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലും ദേശീയ, സംസ്ഥാന വിഷയങ്ങൾ തമ്മിലുമുള്ള അന്തരം ആധുനിക ഇന്ത്യയിലെ വോട്ടർമാർക്കറിയാം. അതൊരു വസ്‌തുതയാണെങ്കിൽ ഊർജ്ജസ്വലമായ ജനാധിപത്യത്തിന്റെയും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെയും താത്‌‌പര്യത്തിനു വേണ്ടിയാണെന്ന് കരുതി ആഹ്ളാദിക്കാം.

(മാർക്കറ്റിംഗ് വിദഗ്‌ദ്ധനാണ് ലേഖകൻ)