ന്യൂഡൽഹി: സി.ബി.ഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയ്ക്കെതിരായ അന്വേഷണത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെട്ടെന്ന് നാഗ്പൂരിലേക്ക് സ്ഥലംമാറ്റപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥൻ എം.കെ സിൻഹ.
അസ്താനയ്ക്കെതിരെയുള്ള എഫ്.ഐ.ആറിൽ കോടതി മേൽനോട്ടത്തിലുള്ള എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സി.ബി.ഐ ഡി.ഐ.ജി മനീഷ് കുമാർ സിൻഹയുടെ വെളിപ്പെടുത്തൽ. അസ്താനയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത് ഡോവൽ തടഞ്ഞു.
ഡോവലുമായി അടുത്തബന്ധമുള്ള രണ്ട് ഇടനിലക്കാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 20ന് ഡിവൈ.എസ്.പി ദേവേന്ദർകുമാറിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടക്കവെ സി.ബി.ഐ ഡയറക്ടർ ഫോണിൽ വിളിച്ച് പരിശോധന അവസാനിപ്പിക്കാൻ പറഞ്ഞു. അജിത് ഡോവലിന്റെ നിർദ്ദേശപ്രകാരമാണ് ഡയറക്ടർ റെയ്ഡ് തടഞ്ഞതെന്നും സിൻഹ ആരോപിക്കുന്നു. അതേസമയം ഹർജി അടിയന്തരമായി പരിഗണിക്കാൻ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു.
കൽക്കരി സഹമന്ത്രി ചൗധരി കോടികൾ വാങ്ങി
.....................................................
വൻകിട ഇറച്ചിവ്യാപാരി മൊയിൻ ഖുറേഷിക്കെതിരായ കേസുകളിൽപ്പെടാതിരിക്കാൻ കേന്ദ്രകൽക്കരി സഹമന്ത്രി ഹരിഭായ് പാർത്ഥിഭായ് ചൗധരിക്ക് കോടികൾ കൈക്കൂലി നൽകിയതായി ഹൈദരാബാദ് വ്യവസായി സതീഷ് സന മൊഴി നൽകി. ജൂണിൽ പണം അഹമ്മദാബാദുകാരനായ ഒരാൾ വഴി മന്ത്രി ചൗധരിക്ക് കൈമാറിയെന്നും പഴ്സണൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വഴി മന്ത്രി കേസിൽ ഇടപെട്ടുവെന്നും സന മൊഴി നൽകിയതായും ഹർജിയിൽ ആരോപിക്കുന്നു. ഗുജറാത്തിൽ നിന്നുള്ള എം.പിയായ ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്തബന്ധമുള്ളയാളാണ്.
അലോക് വർമ്മയ്ക്കെതിരായ സി.വി.സി അന്വേഷണം നടക്കുന്നതിനിടെ കേന്ദ്ര ലാ സെക്രട്ടറി സുരേഷ് ചന്ദ്ര വിഷയത്തിൽ ഇടപെട്ട് ആന്ധ്ര കേഡറിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥൻ വഴി സനയുമായി സംസാരിച്ചു. സർക്കാർ പൂർണ സംരക്ഷണം ഉറപ്പ് നൽകുന്നെന്ന കേന്ദ്രകാബിനറ്റ് സെക്രട്ടറിയുടെ വാഗ്ദാനം അറിയിച്ചുവെന്നും ആരോപിക്കുന്നു.
സ്ഥലംമാറ്റത്തിന് പിന്നിൽ ഗൂഢലക്ഷ്യം: എം.കെ.സിൻഹ
...........................................
അർദ്ധരാത്രിയിലുള്ള തന്റെ സ്ഥലംമാറ്റം ഏകപക്ഷീയവും ഗൂഢോദ്ദേശ്യമുള്ളതും ഉന്നതരും ശക്തരുമായവർക്കെതിരെ കൃത്യമായ തെളിവ് കണ്ടെത്തിയതും കൊണ്ടാണ്. അസ്താനയ്ക്കെതിരെ അന്വേഷണം നടത്തിയ സംഘത്തെ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് ട്രാൻസഫർ. ഇത് റദ്ദാക്കണം.സി.ബി.ഐ വ്യാജ അന്വേഷണത്തിന്റെ കേന്ദ്രമാവുന്നതും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചുപറി ഡയറക്ടറേറ്റ് ആവുന്നതും തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
കേസിൽ നിന്ന് രക്ഷപ്പെടാൻ സതീഷ് ബാബു സനയിൽ നിന്ന് കോടികൾ കൈപ്പറ്റിയെന്ന കേസിലാണ് രാകേഷ് അസ്താനയ്ക്കെതിരെ സി.ബി.ഐ കേസെടുത്തത്. ഈ കേസന്വേഷണത്തിന് നേതൃത്വം നൽകിയ എം.കെ സിൻഹയെ ഇടക്കാല ഡയറക്ടർ എം.നാഗേശ്വരറാവു ചുമതലയേറ്റ ഒക്ടോബർ 24ന് തന്നെ മറ്റു 13 പേരോടൊപ്പം സ്ഥലംമാറ്റുകയായിരുന്നു. 2005ൽ ധീരതയ്ക്കും 2016ൽ സ്തുതർഹ്യസേവനത്തിനുമുള്ള പൊലീസ് മെഡലുകൾ നേടിയയാളാണ് സിൻഹ.