ന്യൂഡൽഹി:ഇന്ദിരാഗാന്ധി വധത്തെതുടർന്നുണ്ടായ1984ലെ കുപ്രസിദ്ധ സിക്ക് കൂട്ടക്കൊലയിലെ ഒരു കേസിൽ പ്രതി യശ്പാൽ സിംഗിന് (55) പാട്യാല ഹൗസ് കോടതി വധശിക്ഷ വിധിച്ചു. സിക്ക് വിരുദ്ധ കലാപക്കേസുകളിലെ ആദ്യ വധശിക്ഷയാണിത്.
മറ്റൊരുപ്രതി നരേഷ് ഷെരാവത്തിന് (68) ജീവപര്യന്തവും ഇരുവർക്കും 35ലക്ഷം രൂപ വീതം പിഴയും അഡിഷണൽ സെഷൻസ് ജഡ്‌ജ് അജയ് പാണ്ഡെ ശിക്ഷിച്ചു.
യശ്പാൽ സിംഗ് ട്രാൻസ്പോർട്ടറും നരേഷ് ഷെരാവത്ത് മഹിപാൽപുർ പോസ്റ്റ്ഓഫീസ് ജീവനക്കാരനുമായിരുന്നു.
2015ൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പുനരന്വേഷിച്ച അഞ്ചുകേസുകളിലെ ആദ്യ വിധിയാണിത്. കോൺഗ്രസ് നേതാവ് സജ്ജൻകുമാർ പ്രതിയായ മറ്റു മൂന്നുകേസുകളിൽ അന്വേഷണം നടക്കുകയാണ്.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് (1984 നവംബർ 1) മഹിപാൽ പുര സ്വദേശികളായ അവതാർ സിംഗിനെയും ഹർദേവ് സിംഗിനെ കൊലപ്പെടുത്തിയ കേസിൽ ഹർദേവ് സിംഗിന്റെ സഹോദരൻ സന്തോഖ് സിംഗ് നൽകിയ കേസിലാണ് വിധി. ശിക്ഷിക്കപ്പെട്ട പ്രതികളുൾപ്പടെ 500 ഓളം കലാപകാരികൾ പ്രദേശത്ത് കടകൾക്ക് തീവയ്ക്കുകയും കൊള്ള നടത്തുകയും ചെയ്‌തു. കലാപത്തെ പേടിച്ച് തങ്ങളുടെ പലചരക്ക് കട അടച്ച് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയ അവതാർ സിംഗിനെയും ഹർദേവ് സിംഗിനെയും ബന്ധുക്കളെയും പ്രതികൾ പിന്തുടർന്ന് ചെന്ന് മാരകമായി ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും പ്രതികൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയും ചെയ്‌തു.ഇരുവരും ആശുപത്രിയിൽ വച്ച് മരണമടയുകയായിരുന്നു.
1984ൽ രജിസ്റ്റർ ചെയ്‌ത കേസിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും 1986ൽ പ്രതികളെ കുറ്റവിമുക്തരാക്കി. പിന്നീട് സന്തോഖ് സിംഗ് ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മിഷന് നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ 1993ൽ മറ്റൊരു കേസെടുത്തു. 94ൽ തെളിവില്ലെന്ന് കാട്ടി ആ കേസും അവസാനിപ്പിച്ചു. 2015ൽ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സംഘം കേസ് പുനരന്വേഷിച്ച് 2017ൽ കുറ്റപത്രം നൽകി. 2018 നംവബർ 15ന് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോടതിക്ക് പുറത്ത് വച്ച് പ്രതികൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് വിധി പറയുന്നത് തിഹാർ ജയിലിലേക്ക് മാറ്റുകയായിരുന്നു.
സിക്ക് വിരുദ്ധ കലാപത്തിൽ ഡൽഹിയിൽ മാത്രം രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടെന്നാണ്കണക്ക്.