ന്യൂഡൽഹി: ശബരിമലയിൽ അയ്യപ്പഭക്തർക്കെതിരെ സർക്കാർ പൊലീസ് മുറ പ്രയോഗിക്കുന്നതിനെരെ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഔറംഗസേബിനെ പോലെയാണ് പെരുമാറുന്നതെന്നും കേരളത്തെ കാശ്‌മീരാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ഉടൻ ഇടപെടണം. ഒാർഡിനൻസ് കൊണ്ടുവരുന്നത് അടക്കമുള്ള എല്ലാ സാദ്ധ്യതകളും പരിഗണിക്കണം. സാഹചര്യം നിയന്ത്രണാതീതമായാൽ സംസ്ഥാന സർക്കാരിനെ പിരിച്ച് വിടണം.
കാശ്‌മീരിന് സമാനമായി ഹിന്ദുക്കളെ കേരളത്തിൽ നിന്ന് ആട്ടിയോടിക്കാനാണ് പിണറായി സർക്കാരിന്റെ ശ്രമം. സുപ്രീംകോടതി വിധിയുടെ പേരിൽ ഹിന്ദുക്കളെ പീഡിപ്പിക്കുകയാണ്. ശരണം വിളിക്കുന്നവരെ അറസ്‌റ്റ് ചെയ്യുന്നു. 144 പ്രഖ്യാപിക്കാൻ തക്ക സാഹചര്യങ്ങൾ സന്നിധാനത്തില്ല. ഈ നടപടി തുടർന്നാൽ ദേശവ്യാപകമായി പ്രക്ഷോഭം തുടങ്ങും. ദേവസ്വം ബോർഡ് സാവകാശഹർജി നൽകിയത് നല്ല ഉദ്ദേശ്യത്തോടെ അല്ല. കേന്ദ്ര സർക്കാരിന് ഒാർഡിനൻസിലൂടെ യുവതി പ്രവേശനത്തെ മറികടക്കാനാവില്ലെന്നും സുരേന്ദ്ര ജെയിൻ പറഞ്ഞു.