ന്യൂഡൽഹി: കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണറിപ്പോർട്ടിന് സി.ബി.ഐ ഡയറക്ടർ അലോക് വർമ്മ നൽകിയ മറുപടി 'ദ വയർ" ഓൺലൈൻ മാദ്ധ്യമം പ്രസിദ്ധീകരിച്ചെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കടുത്ത അതൃപ്തി അറിയിച്ചു. ഓൺലൈൻ മാദ്ധ്യമത്തിൽ വന്ന റിപ്പോർട്ടിന്റെ പകർപ്പ് വർമ്മയുടെ അഭിഭാഷകൻ ഫാലി എസ്. നരിമാന് കൈമാറിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അതൃപ്തി പ്രകടമാക്കിയത്. മറുപടി റിപ്പോർട്ട് ഫയൽ ചെയ്യാൻ സമയം നീട്ടിച്ചോദിച്ചതിനെയും വിമർശിച്ചു. കേസിൽ വാദത്തിനുള്ള അർഹത പോലും അഭിഭാഷകർക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടർന്ന് അലോക് വർമ്മയുടെ ഹർജി പരിഗണിക്കുന്നത് നവംബർ 29ലേക്ക് കോടതി മാറ്റി.
അതേസമയം ഓൺലൈൻ മാദ്ധ്യമത്തിൽ വന്നത് വർമ്മ സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ മറുപടിയല്ലെന്ന് ഫാലി എസ്. നരിമാൻ കോടതിയെ അറിയിച്ചു. തന്റെ അറിവോടെയല്ല റിപ്പോർട്ട് സമർപ്പിക്കാൻ ഗോപാൽ ശങ്കരനാരായണൻ തിങ്കളാഴ്ച സമയം നീട്ടി ചോദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ മറുപടിയല്ല പ്രസിദ്ധീകരിച്ചതെന്ന വിശദീകരണവുമായി 'ദ വയർ" പിന്നീട് രംഗത്തെത്തി. അലോക് വർമ്മ സി.വി.സിക്ക് നൽകിയ മറുപടിയാണ് പ്രസിദ്ധീകരിച്ചത്. ഇത് മുദ്രവച്ച കവറിൽ നൽകിയതല്ലെന്നും വയർ അറിയിച്ചു.
രാകേഷ് അസ്താനയ്ക്കെതിരെയുള്ള അന്വേഷണത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇടപെട്ടെന്നും കേന്ദ്ര കൽക്കരി സഹമന്ത്രി എച്ച്.പി. ചൗധരി കോടികൾ കോഴവാങ്ങിയെന്നുമുള്ള സി.ബി.ഐ ഡി.ഐ.ജി എം.കെ സിൻഹയുടെ ഹർജിയിലെ വെളിപ്പെടുത്തൽ മാദ്ധ്യമങ്ങളിൽ വന്നതിലും സുപ്രീംകോടതി അതൃപ്തി വ്യക്തമാക്കി. ആർക്കും എന്തും പറയാനുള്ള വേദിയല്ല കോടതിയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.