sushama
sushama

ന്യൂഡൽഹി: ആരോഗ്യകാരണങ്ങളാൽ അടുത്ത കൊല്ലം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വിദേശകാര്യ മന്ത്രിയും മുതിർന്ന നേതാവുമായ സുഷമാ സ്വരാജ് പറഞ്ഞു. എന്നാൽ പാർട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അവർ വ്യക്തമാക്കി. മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് 66കാരിയായ സുഷമ ഇക്കാര്യം വെളിപ്പെടുത്തിയത്. മദ്ധ്യപ്രദേശിലെ വിദിശ മണ്ഡലത്തിലെ സിറ്റിംഗ് എം.പിയാണ് സുഷമ. വൃക്ക രോഗത്തെ തുടർന്ന് കുറച്ചു നാളായി പാർട്ടി പരിപാടികളിൽ പങ്കെടുക്കാറില്ലെന്ന് സുഷമ പറഞ്ഞു. എൽ.കെ. അദ്വാനി പോലും തിരഞ്ഞെടുപ്പ് യോഗത്തിലും പാർലമെന്റിലും സജീവമാണ്. മത്സരിക്കേണ്ടെന്നാണ് തന്റെ തീരുമാനം. ബാക്കി പാർട്ടി തീരുമാനിക്കട്ടെ. എന്നാൽ രാഷ്‌ട്രീയത്തിൽ തുടരുമെന്നും സുഷമ പറഞ്ഞു. 2016ലെ വൃക്കമാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്ക് ശേഷം സുഷമ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല.

തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഭർത്താവ് സ്വരാജ് കൗശലും രംഗത്തെത്തി. ''നല്ല തീരുമാനം. നന്ദിയുണ്ട്. മാഡം, 41 വർഷം മുമ്പ് 25-ാം വയസിൽ തുടങ്ങിയ മാരത്തൺ ഒാട്ടം അവസാനിപ്പിക്കാറായി. പിന്നാലെ ഒാടി ഞാൻ തളർന്നു. 11 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. നാലു തവണ ലോക്‌സഭാംഗമായി. മൂന്നുതവണ രാജ്യസഭയിലും. മൂന്നു തവണ സംസ്ഥാന നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഞാൻ 19കാരനല്ല. കിതച്ചുകൊണ്ടാണ് ഒാട്ടം. ഒാട്ടക്കാരൻ മിൽഖാ സിംഗുപോലും ഒരു ഘട്ടത്തിൽ ഒാട്ടം നിറുത്തിയെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു.

1970കളിൽ എ.ബി.വി.പിയിലൂടെയാണ് രാഷ്‌ട്രീയത്തിലെത്തിയത്. 25-ാം വയസിൽ ഹരിയാനാ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായ സുഷമയ്‌ക്ക് രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ കാബിനറ്റ് മന്ത്രിയെന്ന ബഹുമതിയുണ്ട്. ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുമാണ്.