ന്യൂഡൽഹി: സി.ബി.ഐയിലെ മൂപ്പിളിമ തർക്കത്തിനും അഴിമതി ആരോപണങ്ങൾക്കും ഇടയിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര തുടങ്ങിയ പ്രമുഖരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തൽ സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടാതെ സിം ക്ളോണിംഗ് വഴി അനധികൃതമായി പ്രമുഖരുടെ ഫോൺ ചോർത്തുന്നതായാണ് വിവരം.
സി.ബി.ഐ മേധാവി അലോക് വർമ്മയും സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്‌താനയും തമ്മിലുള്ള സുപ്രീംകോടതിയിലെ കേസിനിടെയാണ് ഫോൺ ചോർത്തൽ വെളിപ്പെട്ടത്. അസ്‌താനയ്‌ക്കെതിരെ അന്വേഷണം നടത്തിയ സി.ബി.ഐ ഡി.ഐ.ജി മനീഷ് സമർപ്പിച്ച റിപ്പോർട്ടിൽ അജിത് ഡോവൽ, സുരേഷ് ചന്ദ്ര തുടങ്ങിയവരുടെ ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങൾ നൽകിയിരുന്നു. ആരോപണ വിധേയനായ അസ്‌താനയുമായും കേസിൽ ഉൾപ്പെട്ട പലരുമായും അജിത് ഡോവലിന് ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന ഫോൺ സംഭാഷണങ്ങളാണ് റിപ്പോർട്ടിലുള്ളത്. നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര ആന്ധ്ര ഐ.എ.എസ് ഉദ്യോഗസ്ഥ രേഖാറാണി വഴി വിവാദ വ്യവസായി സതീഷ് സനയെ ബന്ധപ്പെട്ടതിന്റെ തെളിവും ഹാജരാക്കിയിരുന്നു. എന്നാൽ നവംബർ എട്ടിന് താൻ ലണ്ടനിൽ ആയിരുന്നുവെന്ന പരാമർശം സുരേഷ് ചന്ദ്ര നിഷേധിച്ചിരുന്നു. ഏറ്റവുമൊടുവിൽ ജൂലായിലാണ് ലണ്ടനിൽ പോയതെന്നും അദ്ദേഹം പറഞ്ഞു. സിം കാർഡിന്റെ വ്യാജ പതിപ്പുണ്ടാക്കി അതിൽ നിന്ന് ഫോൺ സംഭാഷണങ്ങൾ റെക്കാർഡ് ചെയ്‌തുവെന്ന സംശയം ബലപ്പെട്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്.