ന്യൂഡൽഹി: ഇന്ത്യയിലെ ബ്രാഹ്‌മണ ആധിപത്യം തകർക്കണമെന്നെഴുതിയ പോസ്‌റ്ററുമായി ഫോട്ടോയ്‌ക്കു പോസു ചെയ്‌ത ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി പുലിവാലു പിടിച്ചു. കേന്ദ്ര സർക്കാരും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും ഡോർസിയുടെ നടപടിയെ അപലപിച്ചു. പോസ്‌റ്റിനെതിരെ ട്വിറ്ററിലൂടെ തന്നെ നിരവധി പേർ സി.ഇ.ഒയെ വിമർശിച്ച് രംഗത്തെത്തി. ഇന്ത്യയിൽ പര്യടനം നടത്തുന്ന ഡോർസി ട്വിറ്ററിന്റെ സ്വാധീനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഇന്ത്യയിലെ വനിതാ മാദ്ധ്യമ പ്രവർത്തകർ, ആക്‌ടിവിസ്‌റ്റുകൾ, എഴുത്തുകാർ തുടങ്ങിയവരുമായി നടത്തിയ ചർച്ചയ്‌ക്കിടെ ഒരു ദളിത് പ്രവർത്തക ഉപഹാരം നൽകിയ പോസ്‌റ്ററാണ് പുലിവാലായത്. ഇതേക്കുറിച്ച് ട്വിറ്ററിന്റെ ഇന്ത്യ വിശദീകരണം നൽകിയിട്ടുണ്ട്. വിഷയത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച കേന്ദ്ര നിയമ മന്ത്രി രവി ശങ്കർ പ്രസാദ് ഇന്ത്യയിലെ വൈകാരിക പ്രശ്‌നങ്ങളിൽ ഇടപെടുന്നത് സൂക്ഷിച്ചു വേണമെന്നും പറഞ്ഞു. ജാക്ക് ഡോർസിയുമായി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തിയത് ചൂണ്ടിക്കാട്ടി ബി.ജെ.പി വിമർശിക്കാൻ തുടങ്ങിയതോടെയാണ് കോൺഗ്രസും അപലപിച്ചത്.