chauhan

ഭോപ്പാൽ: ഭോപ്പാലിലെ ഹബീബ്‌ഗഞ്ചിൽ നിന്ന് ന്യൂമാർക്കറ്റിലെ കോഫീ ഹൗസിലേക്കുള്ള ഓട്ടോയാത്രയ്‌ക്കിടെ ചോദിച്ചു. ആർക്കാണ് സാദ്ധ്യത.? ബി.ജെ.പിക്കും കോൺഗ്രസിനുമെന്ന് ഒാട്ടോ ഡ്രൈവറുടെ മറുപടി. എന്നാൽ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ ഭരണത്തെക്കുറിച്ച് ചോദിച്ചാൽ...ചൗഹാനോട് ഒരു മൃദുസമീപനം

ഉണ്ട്. ഭരണത്തോട് പരക്കെ അതൃപ്തിയും.

മദ്ധ്യപ്രദേശിൽ പ്രചാരണം അവസാനഘട്ടത്തിലെത്തി നിൽക്കെ ഒന്ന് വ്യക്തം:പതിനഞ്ച് വർഷമായി പ്രതിപക്ഷമായ കോൺഗ്രസ് രണ്ടും കൽപ്പിച്ചാണ്. നേതാക്കളെല്ലാം ഒറ്റക്കെട്ട്.തിരഞ്ഞെടുപ്പ് ജ്യോത്സ്യന്മാർ കോൺഗ്രസിനും ഒരു സാദ്ധ്യത കൽപ്പിക്കുന്നുണ്ട്.

ഒറ്റയ്‌ക്ക് ചൗഹാൻ

കർഷകർ,വ്യാപാരികൾ, ആദിവാസികൾ,പിന്നോക്കക്കാർ എല്ലാവർക്കും ഭരണത്തോട് അസംതൃപ്തിയുണ്ട്. റിക്രൂട്ട്മെൻറ്, സർക്കാർ ഇടപാടുകൾ, കരാർ നൽകൽ, കുട്ടികൾക്കുള്ള പോഷകാഹര വിതരണം, കർഷകർക്കുള്ള സഹായം തുടങ്ങി സർക്കാർ സംവിധാനത്തിന്റെ സകല മേഖലകളിലും അഴിമതി. മന്ത്രിമാരോടെല്ലാം അതൃപ്തി. ചൗഹാൻ മാത്രമാണ് തിരഞ്ഞെടുപ്പിലെ ബി.ജെ.പി മുഖം. പുതിയ മദ്ധ്യപ്രദേശിനായി ചൗഹാനൊപ്പം എന്നാണ് മുദ്രാവാക്യം.

പോരാട്ടത്തിൽ ഒറ്റയ്ക്കാണ് ചൗഹാൻ. മൈതാനങ്ങൾ നിറയുന്ന പ്രധാനമന്ത്രി മോദി മദ്ധ്യപ്രദേശിൽ അത്ര സജീവമായില്ല. ആർ.എസ്.എസിൽ നിന്ന് ചൗഹാൻ ഒറ്റപ്പെട്ടെന്നാണ് റിപ്പോർട്ട്. വീണ്ടും ബി.ജെ.പി വന്നാലും ചൗഹാൻ മുഖ്യമന്ത്രിയാകില്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ ഒന്നാമനാകുമെന്നും കേൾക്കുന്നുണ്ട്.

വിമതർ ബി.ജെ.പിക്ക് തലവേദനയാണ്. ചൗഹാന്റെ ഭാര്യാസഹോദരൻ സഞ്ജയ് സിംഗ് മസാനി ഉൾപ്പടെ 60 ഓളം സീറ്റ് മോഹികൾ പാർട്ടി വിട്ടു. മസാനി വർസോനി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. മൂന്നു മന്ത്രിമാർ, രണ്ട് മുൻമന്ത്രിമാർ, മുൻ എം.പിമാർ തുടങ്ങിയവർക്ക് സീറ്റില്ല. ടിക്കറ്റ് കിട്ടാത്ത എം.എൽ.എമാർ വിമതരായി . ഹോഷംഗബാദ്, പാത്രിയ, ദമോ,ഗ്വാളിയർ തെക്ക്, വിദിഷ തുടങ്ങിയ പാർട്ടികോട്ടകളിൽ വിള്ളൽ. ഹോഷംഗബാദിൽ ബി..ജെ.പിയുടെ സിറ്റിംഗ് എം.എൽ.എ സർതാജ് സിംഗ് കോൺഗ്രസ് സ്ഥാനാർത്ഥിയായി.

ഒരുമിച്ച് കോൺഗ്രസ്

ചൗഹാന്റെ ബുദ്ധിനി ഉൾപ്പെടെയുള്ള ബി. ജെ. പി കോട്ടകളിൽ കോൺഗ്രസ് മത്സരം കടുപ്പിച്ചിട്ടുണ്ട്. ബുദ്ധിനിയിൽ മുൻ പി.സി.സി അദ്ധ്യക്ഷൻ അരുൺയാദവാണ് സ്ഥാനാർത്ഥി. പി.സി.സി അദ്ധ്യക്ഷൻ കമൽനാഥ്, പ്രചാരണകമ്മിറ്റി അദ്ധ്യക്ഷൻ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ, മുൻമുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് എന്നിവർ പുറമേയെങ്കിലും ഐക്യത്തോടെ നിൽക്കുന്നു.

സിന്ധ്യയുടെ ഗ്വാളിയർ ഉൾപ്പെടുന്നചമ്പലും ബുന്ദേൽഖണ്ടും മേഖലകൾ കോൺഗ്രസിന് അനുകൂലമാണ്. ഗ്വാളിയർ മേഖലയിലാണ് ബി.ജെ.പി വിമതർ കൂടുതൽ. കമൽനാഥിന്റെ തട്ടകമായ ചിന്ദ്‌വാഡ ഉൾപ്പടുന്ന മഹാകൗശൽ മേഖലയിലും കോൺഗ്രസിന് മേൽക്കൈ ഉണ്ട്. മുഖ്യമന്ത്രിയാകുമെന്ന പ്രചാരണം ശക്തമായതിനാൽ കമൽനാഥ് ഫാക്ടർ ഇവിടെ പ്രകടം.

ഭോപ്പാൽ ഉൾപ്പെടുന്ന മദ്ധ്യദേശത്തും ഉജ്ജയിനിയും ഇൻഡോറുമടങ്ങുന്ന പരമ്പരാഗത ബി.ജെ.പി കോട്ടയായ മാൾവയിലും കോൺഗ്രസ് കളത്തിലുണ്ട്.

മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ 14ൽ 9 സീറ്റ് കോൺഗ്രസ് നേടി.മൂന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും വിജയിച്ചത് കോൺഗ്രസാണ്.

ബി.എസ്.പി, എസ്.പി പാർട്ടികൾക്ക് കാര്യമായൊന്നും ചെയ്യാനില്ല.