shaji

ന്യൂഡൽഹി: അഴീക്കോട് എം.എൽ.എ സ്ഥാനം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കെ.എം ഷാജിയുടെ ഹർജി അടിയന്തരമായി കേൾക്കാൻ വിസമ്മതിച്ച ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിയമസഭാ നടപടികളിൽ പങ്കെടുക്കാൻ തടസമില്ലെന്ന് വാക്കാൽ സൂചിപ്പിച്ചു. അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി നൽകിയ സ്‌റ്റേ ഇന്ന് അവസാനിക്കും. ചൊവ്വാഴ്‌ച നിയമസഭാ സമ്മേളനം തുടങ്ങും മുൻപ് വിധി സ്‌റ്റേ ചെയ്യിക്കാനായിരുന്നു ഷാജിയുടെ ശ്രമം.

ഇന്നു മുതൽ മൂന്ന് ദിവസം സുപ്രീംകോടതി അവധിയാണ്. അതു കണക്കിലെടുത്താണ് ഇന്നലെ അയോഗ്യത സ്‌റ്റേ ചെയ്യിക്കാൻ അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേന ഷാജി ശ്രമിച്ചത്. എന്നാൽ, ഹർജി അടിയന്തരമായി പരിഗണിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്‌റ്റിസ് വ്യക്തമാക്കി. സ്‌റ്റേ ഉത്തരവിന്റെ ബലത്തിൽ എം.എൽ.എയായി ഇരിക്കാനാണോ ഉദ്ദേശ്യം എന്നു ചോദിച്ച കോടതി കേസ് തീയതി നിശ്‌ചയിക്കാൻ കഴിയില്ലെന്നും സാധാരണ ക്രമത്തിൽ ലിസ്‌റ്റു ചെയ്യുമെന്നും അറിയിച്ചു. ഇത്തരം കേസുകളിൽ സഭാ നടപടികളിൽ പങ്കെടുക്കാൻ തടസമില്ലെന്നും എന്നാൽ ആനുകൂല്യങ്ങൾ പറ്റാനാകില്ലെന്നും ചീഫ് ജസ്‌റ്റിസ് വാക്കാൽ പറഞ്ഞു. അപ്പീൽ പിന്നീട് പരിഗണിക്കുമ്പോൾ സമാനമായ ഉത്തരവുണ്ടാകുമെന്നും സൂചിപ്പിച്ചു.

സുപ്രീംകോടതിയിൽ അപ്പീൽ സാധാരണ നിലയിൽ നമ്പരിട്ട് പരിഗണിക്കപ്പെടാൻ താമസിക്കും. അതു കണക്കിലെടുത്ത് ചൊവ്വാഴ്‌ച മെൻഷനിംഗ് ലിസ്‌റ്റിൽ ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. അന്ന് അപ്പീൽ പരിഗണിച്ച് വിധി സ്‌റ്റേ ചെയ്‌താൽ ആനുകൂല്യങ്ങൾ പറ്റാതെ ഷാജിക്ക് സഭാ സമ്മേളനത്തിൽ പങ്കെടുക്കാം. പിന്നീട് വിശദമായ വാദങ്ങൾക്കു ശേഷം കേസിൽ വിധി വരും വരെ കാത്തിരിക്കേണ്ടി വരും.

മതത്തിന്റെ പേരിൽ വോട്ടു ചോദിച്ചെന്ന് ആരോപിച്ച് എതിർ സ്ഥാനാർത്ഥിയായ എം.വി. നികേഷ്‌കുമാർ നൽകിയ ഹർജിയിലാണ് അഴീക്കോട് മണ്ഡലത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കിയത്. ഷാജിക്ക് ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പ് വിലക്കും വിധിച്ചിരുന്നു.

'കോടതി വിധി വരുന്നതു വരെ കാത്തിരിക്കും. ചാടിക്കയറി നിയമസഭയിലേക്ക് പോകാനില്ല".

-കെ.എം. ഷാജി