രാജ്യം കണ്ട ഏറ്റവും 'മാരകമായ' വ്യാപം അഴിമതി ഏറെയൊന്നും ഉന്നയിക്കപ്പെടാതെ പോവുകയാണ് മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്. അവസാനഘട്ടത്തിലും കോൺഗ്രസ് മിണ്ടുന്നില്ല. രാഹുൽ ഗാന്ധി തുടക്കത്തിൽ ഉന്നയിച്ചെങ്കിലും സംസ്ഥാന നേതാക്കൾ അത് തന്ത്രപൂർവം ഒഴിവാക്കുകയാണ്. മാത്രമല്ല, കേസിൽ പ്രതിയായ എം.എൽ.എയ്ക്ക് വീണ്ടും സീറ്റ് നൽകിയ കോൺഗ്രസ് അഴിമതി പുറത്തു കൊണ്ടുവന്ന ഡോ. ആനന്ദ് റായിക്ക് സീറ്റ് നൽകാതെ പറ്റിച്ചു.
മാർക്കോയ്‌ക്ക് ഫുൾമാർക്ക്
പുഷ്പരാജ്ഗർ മണ്ഡലത്തിലെ എം.എൽ.എ ഫുന്ദേൽസിംഗ് മാർക്കോയെ എസ്.ഐ.ടിയാണ് പ്രതി ചേർത്തത്. 2009ൽ മകന് മെഡിക്കൽ പ്രവേശനത്തിന് കോഴ നൽകാനുള്ള പണം മാർക്കോ വഴിവിട്ട് സംഘടിപ്പിച്ചെന്നാണ് ആരോപണം. സി.ബി.ഐ മാർക്കോയെ പ്രതിചേർത്തിട്ടില്ലെന്നാണ് കോൺഗ്രസിന്റെ വാദം. കുറ്റാരോപിതനായ ബി.ജെ.പി നേതാവ് ഗുലാബ് സിംഗ് കിരറിനെ കോൺഗ്രസിൽ എടുത്തെങ്കിലും തീരുമാനം തിരുത്തി. മറ്റൊരു പ്രതിയായ ഡോ. ജഗദീഷ് സാഗർ ബി.എസ്.പി സ്ഥാനാർത്ഥിയാണ്.
മത്സരിക്കാൻ രാജിവച്ചു, തഴഞ്ഞു
എം.ബി.ബി.എസ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളും അഡ്മിഷനും പൊലീസ് ഉൾപ്പെടെയുള്ള സർക്കാർ സർവീസിലെ റിക്രൂട്ട്മെന്റും കോടികൾ മറിയുന്ന ബിസിനസായി മാറിയതാണ് വ്യാപം അഴിമതി. സർക്കാർ ഏജൻസിയായ വ്യാവസായിക് പരീക്ഷാ മണ്ഡൽ (വ്യാപം) ഉദ്യോഗസ്ഥരെ സ്വാധീനിച്ചായിരുന്നു വർഷങ്ങളായുള്ള തിരിമറി. സർക്കാർ ഡോക്ടറായിരുന്ന ആനന്ദ്റായിയുടെ നേതൃത്വത്തിൽ 2013ലാണ് ഇത് പുറത്തുകൊണ്ടുവന്നത്. അഴിമതിയുമായി ബന്ധപ്പെട്ട 40ലധികം പേർ ദുരൂഹമായി കൊല്ലപ്പെട്ടതോടെ ഇത് 'കില്ലർ സ്‌കാം' എന്ന് കുപ്രസിദ്ധമായി. ശിവരാജ് സിംഗ് ചൗഹാൻ മന്ത്രിസഭയെ ഉലച്ച പ്രശ്‌നം കോൺഗ്രസ് ഏറ്റെടുത്തതുമാണ്.
തന്നെ ഇൻഡോർ - 5 മണ്ഡലത്തിൽ മത്സരിപ്പിക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയതാണെന്ന് റായി പറയുന്നു. മത്സരിക്കാനായി സർക്കാർ ജോലി രാജിവച്ചു. അവസാന നിമിഷം ജാതിസമവാക്യം ഉറപ്പാക്കാൻ അദ്ദേഹത്തെ ഒഴിവാക്കി സത്യനാരായൺ പട്ടേലിന് സീറ്റ് നൽകി.
നഷ്‌ടം കോൺഗ്രസിന്: ആനന്ദ് റായി
അഴിമതി മാഫിയകൾ ബി.ജെ.പിയിലും കോൺഗ്രസിലും ഉണ്ടെന്ന് ഡോ. ആനന്ദ് റായി ഇൻഡോറിൽ കേരളകൗമുദിയോട് പറഞ്ഞു. ഈ അഴിമതിയുടെ കേന്ദ്രം ബി.ജെ.പിയാണ്. അത് തുറന്ന് കാട്ടേണ്ട കോൺഗ്രസിനൊപ്പമുള്ളത് കുറ്റാരോപിതരാണ്. ഒരാളെ മത്സരിപ്പിക്കുന്നു. ഇതിലൂടെ സർക്കാരിനെതിരായ അഴിമതിവിരുദ്ധ വോട്ടുകൾ കോൺഗ്രസ് നഷ്ടപ്പെടുത്തുകയാണ്. കോൺഗ്രസ് അധികാരത്തിലെത്താനുള്ള വഴി സ്വയം അടയ്ക്കുകയാണ്.
വ്യാപം അഴിമതി പുറത്തുകൊണ്ടുവരാൻ കോൺഗ്രസ് ഒന്നും ചെയ്തില്ല. ഞങ്ങൾ ആക്ടിവിസ്റ്റുകളാണ് പോരാടിയത്. ആദിവാസി അവകാശങ്ങൾക്കായുള്ള ജേയ്സ് സംഘടനയുടെ ഭാഗമാണ് ഞാൻ. കോൺഗ്രസ് ഒരു സീറ്റാണ് ഞങ്ങൾക്ക് തന്നത്.
കോൺഗ്രസിന്റെ മുൻഗണന ഗുണ്ടകൾക്കും മാഫിയകൾക്കും കോർപറേറ്റുകൾക്കുമാണ്. ഇത് സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കും. അഞ്ചു സീറ്റെങ്കിലും കോൺഗ്രസിന് നഷ്ടമാകും. 110 സീറ്റിന് മുകളിൽ കോൺഗ്രസ് പോകില്ല.