img-20181123_135218

മാൽവ - നിമർ. ഇത് മദ്ധ്യപ്രദേശിലെ അധികാര വഴിയിതാണ്. ഇവിടെ നേടുന്നവർ ഭരിക്കും. ആകെ സീറ്റിന്റെ 30 ശതമാനം ഈ മേകലയിലാണ്.15 ജില്ലകളിലായി 66 മണ്ഡലങ്ങൾ. 2013ൽ മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായതിന്റെ തരംഗത്തിൽ 56 സീറ്റും ബി.ജെ.പി തൂത്തുവാരി. കോൺഗ്രസ് 9ൽ തീർന്നു.ഒന്ന് സ്വതന്ത്രനും. 11 വമ്പൻ റാലികളാണ് അന്ന് നടന്നത്..

2018ൽ ചിത്രം മറ്റൊന്നാണ്.

ഇൻഡോർ ഉൾപ്പെടുന്ന ബി.ജെ.പിയുടെ പരമ്പരാഗത മേഖലയിൽ കോൺഗ്രസ് കടുത്ത മത്സരം ഉയർത്തുന്നു. മോദിയുടെ ആവേശറാലികൾ കുറഞ്ഞു. സവർണ വിഭാഗങ്ങളും ആദിവാസി, ദളിത് മേഖലകളും ഉൾക്കൊള്ളുന്നതാണ് മാൾവ-നിമർ.ആദിവാസി വിഭാഗങ്ങൾക്കിടയിൽ രൂപീകരിക്കപ്പെട്ട ജേയ്സും സവർണ വിഭാഗങ്ങൾ രൂപീകരിച്ച സപെക്സും ആരുടെ വോട്ടുകൾ ഭിന്നിപ്പിക്കുമെന്നത് കണ്ടറിയണം. ജാതി രാഷ്ട്രീയം പ്രകടമായി ഏറ്റുമുട്ടുന്നു. സംവരണ വിരുദ്ധ പ്രതിഷേധവും എസ്.സി - എസ്.ടി അതിക്രമം തടയൽ നിയമം ദുർബലമാക്കിയതിനെതിരായ പ്രക്ഷോഭങ്ങളും നേർക്കുനേർ. ഇരുപാർട്ടികളും ജാതിസമവാക്യങ്ങൾ ഒപ്പിച്ചാണ് സ്ഥാനാർത്ഥിയെ നിയോഗിച്ചത്.

എസ്.സി എസ്..ടി അതിക്രമം തടയൽ നിയമത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയിൽ ചൊടിച്ച കർണിസേന പ്രവർത്തകർ ഉജ്ജയിനിയിൽ ബി.ജെ.പിക്കെതിരെ പരസ്യമായി രംഗത്തുണ്ട്..

ശ്രദ്ധേയമായി ഇൻഡോർ 3

ബി..ജെ..പി സജീവമാണ് ഇൻഡോറിൽ. ജില്ലയിൽ 9 മണ്ഡലങ്ങൾ. കഴിഞ്ഞതവണ എട്ടും നേടിയത് ബി.ജെ.പി. ഇതിൽ ഇൻഡോർ 1989 മുതൽ എം.പിയായ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജന്റെ മണ്ഡലമാണ്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗീയയുടെയും സ്വാധീന മേഖല. സുമിത്രയും കൈലാഷും തമ്മിൽ സ്വരചേർച്ചയില്ല. ഇൻഡോർ- 3 മണ്ഡലത്തിൽ കൈലാഷിന്റെ മകൻ ആകാശ് വിജയവ‌ർഗീയയാണ് സ്ഥാനാർത്ഥി. ആകാശിന്റെ കന്നിയങ്കമാണ്. സിറ്റിംഗ് എം.എൽ.എ രാജപുത് സമുദായംഗമായ ഉഷ താക്കൂറിനെ മൗവിലേക്ക് മാറ്റിയാണ് ആകാശിന് വഴിയൊരുക്കിയത്. താക്കൂറിനെ മാറ്റിയത് രാഷ്ട്രീയത്തിലെ നവജാതനായ ആകാശിന്റെ മത്സരം കടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞതവണ കോൺഗ്രസുമായി കടുത്ത മത്സരത്തിലാണ് ഉഷ താക്കൂർ വിജയിച്ചത്. അശ്വിൻ ജോഷിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. അമിത് ഷാ, ശിവരാജ് സിംഗ്, ചൗഹാൻ, സുമിത്ര മഹാജൻ തുടങ്ങിയ പ്രമുഖരാണ് ആകാശിന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. പ്രചരണത്തിന് പരേഷ് റാവൽ ഉൾപ്പെടെയുള്ള സിനിമാ താരങ്ങളുമുണ്ട്. ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാൽ മുഖ്യമന്ത്രിയായി കൈലാഷ് വിജയവർഗീയ പരിഗണിക്കപ്പെട്ടേക്കും. ആ കാലത്തേക്കുള്ള പിതാവിന്റെ കരുതലാണ് ആകാശ്.

അർദ്ധരാത്രി ചൗഹാൻ

ആർ.എസ്.എസ് കാര്യാലയത്തിലേക്ക് കഴിഞ്ഞദിവസം അർദ്ധരാത്രി ശിവരാജ് സിംഗ് ചൗഹാൻ ഓടിയെത്തിയത് വാർത്തയായി. മണ്ഡലങ്ങളിലെ പ്രതികൂല റിപ്പോർട്ടുകളെ തുടർന്നാണ് ചൗഹാൻ എത്തിയത്. അറുപതോളം മണ്ഡലങ്ങളിൽ ബി. ജെ. പി സ്ഥാനാർത്ഥികളുടെ പ്രകടനം വളരെ മോശമാണെന്ന് റിപ്പോർട്ടുണ്ട്.