ന്യൂഡൽഹി / അയോദ്ധ്യ:രാമക്ഷേത്ര നിർമ്മാണത്തിന്റെ അവസാന തയ്യാറെടുപ്പുകൾ ചർച്ചചെയ്യാനും ക്ഷേത്രത്തിനായി നിയമനിർമ്മാണം ആവശ്യപ്പെട്ടും വിശ്വ ഹിന്ദു പരിഷത്ത് ഇന്ന് അയോദ്ധ്യയിൽ ധർമ്മസഭ സംഘടിപ്പിക്കും. സന്യാസിമാരും പ്രവർത്തകരും അടക്കം രണ്ട്‌ ലക്ഷത്തിലേറെ പേർ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ അടിസ്ഥാനത്തിൽ അയോദ്ധ്യ നഗരം ആയിരക്കണക്കിന് സുരക്ഷാ ഭടന്മാരുടെ വലയത്തിലാണ്.

രാമക്ഷേത്ര നിർമ്മാണത്തിന്റെ തടസങ്ങൾ നീക്കാനുള്ള അവസാന ശ്രമം എന്നാണ് ധർമ്മസഭയെ വി.എച്ച്.പി വിശേഷിപ്പിക്കുന്നത്. ഇനി സമരങ്ങളും ചർച്ചകളും ഇല്ലെന്നും അടുത്ത ഘട്ടം ക്ഷേത്ര നിർമ്മാണമാണെന്നും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്തുണയുമായി ആർ.എസ്.എസും ശിവസേനയും രംഗത്തുണ്ട്.

ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളിൽ നിന്നായി ട്രെയിനുകളിലും ബസുകളിലും മറ്റു വാഹനങ്ങളിലുമായി പ്രവർത്തകർ അയോദ്ധ്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അടക്കം പ്രമുഖ നേതാക്കളും എത്തി. രാമജൻമ ഭൂമിയിൽ സമർപ്പിക്കാൻ പൂനെ ശിവ്‌നേരി കോട്ടയിൽ നിന്ന് ഒരു കുടം മണ്ണുമായാണ് താക്കറെയുടെ വരവ്. ഉദ്ധവിന്റെ ആദ്യ അയോദ്ധ്യ സന്ദർശനമാണിത്. ഭാര്യ രശ്‌മിക്കും പുത്രൻ ആദിത്യയ്‌ക്കും ഒപ്പം എത്തിയ ഉദ്ധവിനെ ജയ് ശ്രീറാം വിളികളോടെ പ്രവർത്തകർ എതിരേറ്റു. മഹാരാഷ്‌ട്രയിൽ നിന്ന് രണ്ട് ട്രെയിനുകളിലായി മൂവായിരം ശിവസേന പ്രവർത്തകരും എത്തിയിട്ടുണ്ട്.പ്രവർത്തകർ ശ്രീരാമന്റെ ദേഹത്യാഗത്തിലൂടെ പുരാണ പ്രസിദ്ധമായ സരയൂ നദിയിൽ സ്‌നാനം ചെയ്ത് രാംലല്ലയിലും ഹനുമാൻ ഗഡിയിലും പ്രാർത്ഥിച്ച ശേഷമാണ് സമ്മേളന വേദിയിലേക്ക് നീങ്ങുന്നത്.

കനത്ത സുരക്ഷ

1992 ഡിസംബറിൽ കർസേവകർ ബാബറി മസ്‌ജിദ് തകർത്തതിന്റെ അനുഭവം മുൻനിറുത്തി ശക്തമായ സുരക്ഷ.

തർക്ക സ്ഥലം അടക്കം പല മേഖലകളായി തിരിച്ച് യു. പി പൊലീസിന്റെയും അർദ്ധസൈനികരുടെയും കാവൽ.

160 ഇൻസ്‌പെക‌്ടർമാരും 700 കോൺസ്‌റ്റബിൾമാരും അടങ്ങിയ 42 കമ്പനി പ്രവിശ്യാ സായുധ സേന

അഞ്ച് കമ്പനി ദ്രുതകർമ്മ സേന

ഭീകരവിരുദ്ധ സേനയും കമാൻഡോകളും

അയോദ്ധ്യയ്‌ക്ക് മീതേ ഡ്രോൺ കാമറകൾ



നരേന്ദ്രമോദി സർക്കാർ നാലുവർഷം ഉറക്കം തൂങ്ങുകയായിരുന്നു. ദിവസങ്ങളും മാസങ്ങളും തലമുരകളും കടന്നു പോയി. ക്ഷേത്രം നിർമ്മിക്കാനുള്ള തീയതി മാത്രം പറയുന്നില്ല. ഇനി കേന്ദ്രം ആ തീയതി പ്രഖ്യാപിക്കണം. ബാക്കി ചർച്ച പിന്നീട്

--ശിവസേനാ മേധാവി ഉദ്ധവ് താക്കറെ

ധർമ്മസഭ നടക്കുമ്പോൾ 1992 ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്. രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ നിയമം കൈയിലെടുക്കാൻ മടിക്കില്ല.

വിവാദ

-- ബി.ജെ.പി നേതാവ് സുരേന്ദ്ര സിംഗ്

ബാബറി പള്ളി തകർക്കാൻ 17 മിനിട്ട് പോലും വേണ്ടി വന്നില്ല. നിയമമുണ്ടാക്കാൻ കാലതാമസം പാടില്ല.

-- ശിവസേന നേതാവ് സഞ്ജയ് റാവത്ത്

പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ ക്ഷേത്ര നിർമ്മാണത്തിനായി സ്വകാര്യ ബിൽ കൊണ്ടുവരും. അതു പാസായില്ലെങ്കിൽ കേന്ദ്ര സർക്കാർ ഒാർഡിനൻസ് ഇറക്കും.

-- ബി.ജെ.പി എം. പി രവീന്ദ്ര ഖുശ്‌വാഹ

സംഘർഷാവസ്ഥ കണക്കിലെടുത്ത് സൈന്യത്തെ ഇറക്കാൻ സുപ്രീംകോടതി ഇടപെടണം

--സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ്