bridge

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തിന് അഭിമാനമാകേണ്ട സിഗ്‌നേച്ചർ ബ്രിഡ്‌ജ് മരണക്കെണിയാകുന്നു. വടക്കൻ ഡൽഹിയിൽ യമുനാ നദിക്കു കുറുകെ നിർമ്മിച്ച പാലത്തിൽ രണ്ടുദിവസം നടന്ന രണ്ട് ബൈക്ക് അപകടങ്ങളിൽ മൂന്നു ജീവനുകളാണ് പാെലിഞ്ഞത്. അതിവേഗത്തിൽ വന്ന ബൈക്കുകളാണ് രണ്ട് സംഭവങ്ങളിലും അപകടത്തിൽപ്പെട്ടത്.

വെള്ളിയാഴ്‌ച അതിവേഗതയിൽ വന്ന ഒരു ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് യാത്രക്കാരായ രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു. ഈ അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് ഇന്നലെ രണ്ടാമത്തെ സംഭവമുണ്ടായത്. അമിത വേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരൻ മരിക്കുകയായിരുന്നു.

ഈഫൽ ഗോപുരം പോലെ മധ്യത്തിലുള്ള ടവറിന്ഇരുവശത്തുമുള്ള കേബിളിൽ തൂങ്ങിക്കിടക്കുന്ന മനോഹരമായ സിഗ്‌നേച്ചർ പാലം കാണാൻ നിരവധി പേർ വരുന്നുണ്ട്. പാലത്തിനു മുകളിൽ സെൽഫി എടുക്കാനും സൗകര്യമുണ്ട്. അപകടങ്ങളുടെ പശ്‌ചാത്തലത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അഭ്യർത്ഥിച്ചു. ചെറുപ്പക്കാർ അമിത വേഗതയിൽ വാഹനമോടിച്ച് അപകടം വരുത്തിയാൽ രക്ഷിതാക്കൾക്കും നാടിനും അതു നഷ്‌ടമാണെന്ന് അദ്ദേഹം പറഞ്ഞു. അപകടങ്ങൾക്ക് കാരണം ഡൽഹി പൊലീസിന്റെ അനാസ്ഥയാണെന്ന് ആംആദ്‌മി പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി. അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ തടയേണ്ടത് ട്രാഫിക് പൊലീസിന്റെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.